ശബരിമലയിൽ ദ്വാരപാലകരുടെ സ്വർണ്ണ പാളികൾ സ്ഥാപിച്ചില്ല. ചടങ്ങ് നടക്കുക തുലാമാസ പൂജകൾക്കായി നട തുറക്കുമ്പോൾ. അതുവരെ സ്വർണ്ണപ്പാളികൾ സ്റ്റോർ റൂമിൽ സൂക്ഷിക്കും. ശ്രീകോവിലിന്റെ വാതിലും അടുത്തമാസം നട തുറക്കുമ്പോൾ അറ്റകുറ്റപ്പണി നടത്തും. ഹൈക്കോടതിയുടെ കൂടി അനുമതി വാങ്ങിയ ശേഷം ആയിരിക്കും തുടർനടപടികൾ. സ്വർണ്ണപ്പാളികൾ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി തിരിച്ചെത്തിച്ച കാര്യം സ്പെഷ്യൽ കമ്മീഷണറെ അറിയിച്ചു.
കന്നി മാസ പൂജകൾക്കായി നട തുറക്കുന്ന സമയത്ത് അറ്റകുറ്റ പണികൾ പൂർത്തിയാക്കി സ്വർണപാളികൾ തിരികെ സ്ഥാപിക്കുമെന്നായിരുന്നു ദേവസ്വം ബോർഡ് അറിയിച്ചിരുന്നത്. പക്ഷേ അയ്യപ്പ സംഗമം നടന്നതിന് ശേഷം ഒരു ദിവസം മാത്രമാണ് നട തുറന്നിട്ടുണ്ടായിരുന്നത്. അതുകൊണ്ടാണ് തുലാ മാസ പൂജകൾ നടക്കുന്ന ഘട്ടത്തിൽ സ്വർണ പാളികൾ തിരികെ സ്ഥാപിക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചിരിക്കുന്നത്. സംഭവത്തിൽ ഹൈക്കോടതി ഇടപെടുകയും ദേവസ്വം ബോർഡിന് രൂക്ഷ വിമർശനം ഉയരുകയും ചെയ്തിരുന്നു.
സന്നിധാനത്തെ ദേവസ്വം സ്റ്റോറിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണ്ണപ്പാളി ശുദ്ധികലശം നടത്തിയതിന് ശേഷമായിരിക്കും തിരികെ സ്ഥാപിക്കുക. ആഗോള അയ്യപ്പ സംഗമം സമാപിച്ച് മാധ്യമങ്ങളടക്കം മടങ്ങിയ ശേഷം അതീവ രഹസ്യമായാണ് ദേവസ്വം ബോർഡ് സ്വർണപ്പാളികൾ സന്നിധാനത്ത് എത്തിച്ചത്. ഓണക്കാലത്തെ പ്രത്യേക പൂജകൾ പൂർത്തിയാക്കി ശബരിമല നട അടച്ചതിന് ശേഷമാണു ശ്രീകോവിലിന് മുന്നിലെ സ്വർണപ്പാളി അറ്റകുറ്റപ്പണികൾക്കായി ഇളക്കി മാറ്റിയത്.