Headlines

‘യുഡിഎഫിലേക്ക് പോകാൻ തീരുമാനമെടുത്തിട്ടില്ല, ചർച്ചയ്ക്ക് സാധ്യതയുണ്ടെങ്കിൽ പരിശോധിക്കും’; സി.കെ ജാനു

യുഡിഎഫിലേക്ക് പോകാൻ തീരുമാനമെടുത്തിട്ടില്ലെന്ന് സി.കെ ജാനു. അത്തരമൊരു ചർച്ചയ്ക്ക് സാധ്യതയുണ്ടെങ്കിൽ പരിശോധിക്കണമെന്നാണ് പാർട്ടി തീരുമാനം. ഏതെങ്കിലും മുന്നണിക്കൊപ്പം നിൽക്കണമെന്നാണ് ഭൂരിപക്ഷം പ്രവർത്തകരും ആഗ്രഹിക്കുന്നതെന്നും സി.കെ ജാനു പറഞ്ഞു. ആരുമായും മുന്നണി ചർച്ചകൾ നടന്നിട്ടില്ല. ചർച്ചകൾക്ക് സാധ്യതുണ്ടെങ്കിൽ ഇടപെടണമെന്നാണ് കരുതുന്നതെന്നും എങ്ങോട്ട് പോകണമെന്നതിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും സി.കെ ജാനു വ്യക്തമാക്കി.

സികെ ജാനുവിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ജെആർപിക്ക് യുഡിഎഫിനൊപ്പം ചേരാൻ താല്പര്യമുണ്ടെന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നു. ഇന്നലെ ചേർന്ന സംസ്ഥാന കമ്മറ്റിയിലാണ് ഭൂരിഭാഗം അംഗങ്ങളും യുഡിഎഫിനൊപ്പം ചേരാനുള്ള താത്പര്യം അറിയിച്ചത്. യുഡിഎഫിനൊപ്പം ചേരുന്നതാണ് ഉചിതമെന്ന് അംഗങ്ങൾ പറഞ്ഞു. എൻഡിഎ വിട്ട ജനാധിപത്യ രാഷ്ട്രീയ പാർട്ടി ഉടൻ ഒരു മുന്നണിയുടെ ഭാഗമാകുമെന്ന് സി.കെ ജാനു വ്യക്തമാക്കിയിരുന്നു.

മുന്നണിയില്‍ പരിഗണനയില്ലെന്ന് ആരോപിച്ചായിരുന്നു സികെ ജാനുവിന്റെ പാർട്ടിയായ ജെആര്‍പി എന്‍ഡിഎ വിട്ടത്. കോഴിക്കോട് ചേര്‍ന്ന സംസ്ഥാന കമ്മറ്റി യോഗത്തിലായിരുന്നു തീരുമാനം. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കാന്‍ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ തീരുമാനമായിരുന്നു.പാര്‍ട്ടി ശക്തമായി പ്രവര്‍ത്തനക്ഷമമാക്കുന്നതിനും ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് തയാറെടുപ്പികള്‍ തുടങ്ങുവാനും കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്.