പൂവൻകോഴിയുമായി രാഹുൽ മാങ്കൂട്ടത്തിലിന്റെ പാലക്കാടുള്ള എംഎൽഎ ഓഫീസിലേക്ക് മഹിളാ മോർച്ച നടത്തിയ പ്രതിഷേധത്തിനെതിരെ പരാതി. കോൺഗ്രസ് പ്രവർത്തകനും മൃഗസ്നേഹിയുമായ മച്ചിങ്ങൽ ഹരിദാസ് ആണ് പരാതി നൽകിയത്. ജീവനുള്ള കോഴികളെ കൊണ്ടുവന്ന് പീഡിപ്പിച്ചു എന്നാണ് പരാതി. ഇന്നലെയായിരുന്നു മഹിളാ മോർച്ച പ്രവർത്തകർ നടത്തിയ പ്രതിഷേധം. ആരോപണങ്ങളെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ച രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യുവജന സംഘടനകള്‍ സംസ്ഥാന വ്യാപകമായി വലിയ പ്രതിഷേധമാണ് ഉയർത്തിയത്.
ജീവനുള്ള കോഴികളുമായിട്ടായിരുന്നു പ്രവർത്തകർ പ്രതിഷേധിച്ചത്. ‘ഹു കെയേഴ്‌സ്’ എന്നെഴുതിയ പൂവന്‍കോഴിയുടെ ചിത്രങ്ങൾ ഉയര്‍ത്തിപ്പിടിച്ചാണ് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് മഹിളാ മോർച്ച പ്രവർത്തകർ എത്തിയത്. പ്രതിഷേധക്കാർ കൈയിലിരുന്ന രണ്ടു കോഴികളെ പറത്തിവിട്ടു. ബാരിക്കേഡ് വെച്ച് പൊലീസ് മാര്‍ച്ച് തടഞ്ഞു. തുടര്‍ന്ന് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും സംഘര്‍ഷവുമുണ്ടായി. എം.എൽ.എ ബോര്‍ഡില്‍ കോഴിയെ കെട്ടിത്തൂക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ കോഴി ചത്തുവെന്നാണ് ഒരു വിഭാഗം ആളുകൾ പറയുന്നത്.
സമരം ചെയ്യാനുള്ള അവകാശം എല്ലാവർക്കും ഉണ്ട്. എന്നാൽ ജീവനുള്ള ഒരു മൃഗത്തിന്റെ കൊണ്ടുപോയി സമരം ചെയ്‌ത് അതിനെ വഴിയിൽ ഇടുന്നത് തെറ്റാണെന്ന് പരാതിക്കാരൻ മച്ചിങ്ങൽ ഹരിദാസ് ട്വന്റി ഫോറിനോട് പറഞ്ഞു.