പ്രായമായപ്പോഴും അത്ഭുതപ്പെടുത്തുന്ന ആരോഗ്യം വിഎസിന് ഉണ്ടായിരുന്നുവെന്ന് ഡോ.ഭരത്‌ചന്ദ്രൻ. ആരോഗ്യകരമായ ഭക്ഷണക്രമവും ജീവിതശൈലിയും കൃത്യമായി പാലിച്ച ആളാണ് അദ്ദേഹം. വ്യായാമവും നല്ല ഭക്ഷണവും ദിനചര്യയായിരുന്നു. മരുന്നുകൾ കഴിക്കാൻ മടി കാണിക്കാറുണ്ടായിരുന്നു. ഡോക്ടർ എന്ന നിലയിൽ തന്റെ നിർദേശങ്ങൾ പാലിക്കാറുണ്ടായിരുന്നുവെന്നും ഡോ. ഭരത്‌ചന്ദ്രൻ പറഞ്ഞു.
അതേസമയം മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദന്റെ വിയോഗത്തോടെ കേരള രാഷ്ട്രീയത്തിലെ വലിയൊരു അധ്യായമാണ് അവസാനിക്കുന്നത്. സംസ്ഥാനത്ത് 3 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെ ഉച്ചതിരിഞ്ഞ് 3.20ന് ആയിരുന്നു വി എസ് അച്യുതാനന്ദന്റെ അന്ത്യം. കഴിഞ്ഞ ഒരു മാസമായി തിരുവനന്തപുരം പട്ടം S.U.T ആശുപത്രിയിൽ ചികിത്സയിലായിരുന്നു വി എസ്. ഒരു മാസക്കാലമായി തിരുവനന്തപുരം പട്ടം SUT ആശുപത്രിയിലായിരുന്ന വി എസിന്റെ ആരോഗ്യനില അതീവ ഗുരുതരമാകുകയായിരുന്നു. ഒരു നൂറ്റാണ്ടിന്റെ വിപ്ലവജീവിതത്തിനാണ് തിരശീല വീണത്.
രാവിലെ ഒമ്പത് മണിയോടെ തിരുവനന്തപുരം ദർബാർ ഹാളിൽ പൊതുദർശനം ആരംഭിക്കും. ഉച്ചയ്ക്ക് ശേഷം വിലാപയാത്രയായി ആലപ്പുഴയിലേക്ക് കൊണ്ടുപോകും. ആയിരങ്ങളാണ് രാത്രി ഏറെ വൈകിയും വിഎസിനെ അവസാനമായി കാണാനായി എകെജി സെന്ററിലെത്തിയത്. നാളെ ഉച്ചകഴിഞ്ഞ് ആലപ്പുഴ വലിയചുടുകാടിലാണ് സംസ്കാരം.