കാത്തിരിപ്പുകൾക്കൊടുവിൽ യുദ്ധവിമാനം തിരികെ ബ്രിട്ടനിലേക്ക്. ഇന്ന് രാവിലെ 9 മണിയോടെ F35 തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും പറന്നുയർന്നു. ഓസ്ട്രേലിയയിലെ ഡാർവിൻ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും അവിടെനിന്ന് കൊളംബിയിലേക്കുമാണ് മടക്കയാത്ര.
ജൂൺ 14ന് തിരുവനന്തപുരത്ത് അടിയന്തര ലാൻഡിങ് നടത്തിയതിനുശേഷം ഒരു മാസവും എട്ടു ദിവസവും കഴിഞ്ഞ ശേഷമാണ് വിമാനത്തിന്റെ സാങ്കേതിക തകരാർ പരിഹരിക്കാനായത്. ബ്രിട്ടന്റെ തന്നെ യുദ്ധവാഹിനി കപ്പലായ എച്ച് എം എസ് പ്രിൻസ് ഓഫ് വെയിൽസിൽ നിന്നുള്ള പരീക്ഷണപ്പറക്കലിനിടെ ഇന്ധനം തീർന്നതിനെ തുടർന്നാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തിയത്.
തുടർന്ന് തിരികെ പറക്കാൻ ശ്രമിച്ചെങ്കിലും സാങ്കേതിക തകരാർ മൂലം കഴിഞ്ഞില്ല. ശേഷം ജൂൺ ആറിന് ബ്രിട്ടനിൽ നിന്ന് 24 അംഗ വിദഗ്ധ സംഘമെത്തി ആക്സിലറി പവർ യുണിറ്റിന്റെയും എഞ്ചിന്റെയും തകരാർ പരിഹരിച്ചു. എയർ ഇന്ത്യയുടെ ഹാങ്ങറിലായിരുന്നു അറ്റകുറ്റപ്പണി. ഈ കാലയളവിൽ ടൂറിസം വകുപ്പിന്റെ പരസ്യത്തിലും പല ട്രോളുകളിലും F35 ഇടം നേടിയതും ശ്രദ്ധയാകർഷിച്ചു.