തിരുവനന്തപുരത്ത് കുടുങ്ങിയ യുദ്ധവിമാനത്തിന്റെ അറ്റകുറ്റപ്പണി: ബ്രിട്ടണിൽ നിന്ന് വിദഗ്ധ സംഘം എത്തി

തിരുവനന്തപുരം വിമാനത്താവളത്തിൽ 20 ദിവസമായി തുടരുന്ന അമേരിക്കൻ നിർമ്മിത ബ്രിട്ടീഷ് യുദ്ധവിമാനം തിരികെ കൊണ്ടുപോകാനായി ബ്രിട്ടനിൽ നിന്നുള്ള കൂറ്റൻ ചരക്ക് വിമാനമെത്തി. എയർബസ് അറ്റ്ലസ് എന്ന വിമാനമാണ് എത്തിയത്. സംഘത്തിൽ വ്യോമസേനയിലെ പതിനേഴ് സാങ്കേതിക വിദഗ്ധർ ഉണ്ട്. സാങ്കേതിക പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ ചരക്ക് വിമാനത്തിൽ യുദ്ധവിമാനം കൊണ്ടുപോകും.

ചാക്കയിലെ എയർ ഇന്ത്യ ഹാങ്ങറിൽ വിമാനമെത്തിച്ച് തകരാർ പരിഹരിക്കാനുള്ള ശ്രമം നടത്തും. ഇതിന് സാധിച്ചില്ലെങ്കിൽ ചിറകുകളടക്കം അഴിച്ചു മാറ്റി ചരക്ക് വിമാനത്തിൽ തിരികെ കൊണ്ടുപോകും.

ലോകത്തിലെ ഏറ്റവും വിലയേറിയതും അത്യാധുനികവുമായുള്ള യുദ്ധ വിമാനമാണ് F35. ഇറാനെതിരെയുള്ള ഇസ്രയേൽ വ്യാമാക്രമണത്തിലെ മുൻനിര പോരാളി. അഞ്ചാം തലമുറയിൽ പെട്ട ഈ യുദ്ധവിമാനത്തെ റഡാറുകൾക്ക് പോലും കണ്ടെത്തുക അസാധ്യമാണ്. കേരളതീരത്തു നിന്ന് 100 നോട്ടിക്കൽ മൈൽ അകലെ വിമാനവാഹിനി കപ്പലിൽ നിന്ന് പറന്നുയർന്ന യുദ്ധവിമാനത്തിന് പ്രക്ഷുബ്ധമായ കടലും കാറ്റും കോളും നിറഞ്ഞ കാലാവസ്ഥയുമാണ് തിരിച്ചിറക്കലിന് പ്രതിസന്ധി സൃഷ്ടിച്ചത്.

ഏറെനേരം ആകാശത്ത് വട്ടമിട്ടു പറന്ന വിമാനത്തിന് ഒടുവിൽ ഇന്ത്യൻ പ്രതിരോധ വകുപ്പിന്റെ അനുമതിയോടെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തേണ്ടി വന്നു. ഇന്ധനം കുറഞ്ഞതിനെത്തുടർന്ന് ഇന്ധനം നിറച്ചു. ഞായറാഴ്ച പറന്നുയരാൻ തീരുമാനിച്ചെങ്കിലും യന്ത്ര തകരാർ കാരണം സാധിച്ചില്ല. വിമാനത്തിന്റെ പരിഹരിച്ചു തിരികെ കൊണ്ടു പോകാൻ ബ്രിട്ടീഷ് കപ്പലിൽ നിന്ന് സൈനിക ഹെലികോപ്റ്ററും സാങ്കേതിക സംഘവും എത്തി. എന്നാൽ സാങ്കേതിക തകരാർ പരിഹരിക്കാൻ ആയിട്ടില്ല.