തിരുവനന്തപുരത്ത് അടിയന്തരമായി ലാൻഡ് ചെയ്ത ബ്രിട്ടീഷ് യുദ്ധവിമാനം F35 ബിയുടെ തകരാറുകൾ പരിഹരിച്ചു. ബ്രിട്ടൻ നാവികസേനാ മേധാവിയുടെ അനുമതി ലഭിച്ചാൽ വിമാനം തിരികെ പറക്കും. ബ്രിട്ടൻ നാവികസേന ടെക്നിക്കൽ ടീമിലെയും വിമാന നിർമ്മാണ കമ്പനിയിലെയും 24 അംഗസംഘമാണ് ജൂലൈ ആറിന് തിരുവനന്തപുരത്ത് എത്തിയത്. നിലവിൽ ചാക്കയിലെ എയർ ഇന്ത്യ ഹാങ്ങറിലാണ് യുദ്ധ വിമാനം
ഹൈഡ്രോളിക് സംവിധാനത്തിന്റെയും ഓക്സിലറി പവർ യൂണിറ്റിന്റെയും തകരാറുകൾ പരിഹരിച്ചു. എൻജിൻ ക്ഷമത പരിശോധിച്ചുറപ്പാക്കി. സൈനിക അഭ്യാസത്തിനിടെ ഇന്ധനം കുറവായതിനെ തുടർന്ന് ജൂൺ 14ന് ആണ് യുദ്ധവിമാനം തിരുവനന്തപുരത്ത് അടിയന്തര ലാൻഡിംഗ് നടത്തിയത്.
വിമാനത്തിന്റെ തകരാർ പരിഹരിക്കുന്നതിനായി എത്തിച്ച വിദഗ്ദ സംഘത്തെയും ഉപകരണത്തെയും തിരികെ കൊണ്ടുപോകുന്നതിനായി സി-17 ഗ്ലോബ് മാസ്റ്റർ വിമാനം ബുധനാഴ്ച തിരുവനന്തപുരത്തെത്തും. ഇന്ത്യ-പസഫിക് മേഖലയിൽ സഞ്ചരിക്കുകയായിരുന്ന ബ്രിട്ടിഷ് നാവികസേനയുടെ വിമാനവാഹിനിക്കപ്പലിൽനിന്നു പറന്നുയർന്ന എഫ് 35 ബി യുദ്ധവിമാനം സാങ്കേതിക പ്രശ്നങ്ങളെ തുടർന്നാണ് തിരുവനന്തപുരത്ത് ഇറക്കിയത്.