Headlines

പൂരം നടത്തിപ്പ്: ‘ദേവസ്വങ്ങളുടെ അഭിപ്രായം കേട്ട് തീരുമാനമെടുക്കും; പരിക്കേറ്റവർക്ക് മികച്ച ചികിത്സ നൽകുന്നു’; വിഎൻ വാസവൻ

പൂരം നടത്തിപ്പിൽ നാളെ രാവിലെ പത്തരയ്ക്ക് യോഗം ചേരുമെന്ന് ദേവസ്വംമന്ത്രി വി എൻ വാസവൻ. യോഗം വിളിക്കാൻ ഹൈക്കോടതി അനുമതി നൽകി. പാറമേക്കാവ് തിരുവമ്പാടി ദേവസങ്ങളുടെ അഭിപ്രായം കേട്ട് തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. പരുക്കേറ്റവർക്ക് മികച്ച ചികിത്സ നൽകുന്നുണ്ട്. സർക്കാർ അതീവ ഗൗരവത്തോടെയാണ് ഇക്കാര്യത്തെ കാണുന്നതെന്ന് മന്ത്രി വിഎൻ വാസവൻ മാധ്യമങ്ങളോട് പറ‍ഞ്ഞു.

പരുക്കേറ്റവർക്ക് വിദഗ്ദ സംഘത്തിന്റെ ചികിത്സയാണ് ഉറപ്പാക്കുന്നത്. 10 പേർ ഐസിയുവിലുണ്ട്. ചിലരുടെ നില ഗുരുതരമാണ്. രണ്ടുപേർ വെന്റിലേറ്ററിലാണെന്ന് മന്ത്രി അറിയിച്ചു. സംഭവ സ്ഥലത്തു നിന്നും ഇപ്പോൾ ഒരു മൃതശരീരം കൂടി കണ്ടെത്തിയിട്ടുണ്ട്. ആകെ വെടിക്കെട്ട് പുരയിൽ എത്ര പേരുണ്ടായിരുന്നു എന്ന കാര്യത്തിൽ വ്യക്തതയില്ല. ആകെ 14 പേരെ ആശുപത്രിയിൽ എത്തിച്ചു ഒരാൾ സ്വകാര്യ ആശുപത്രിയിലേക്ക് പോയി. രണ്ട് മൂന്നുപേർ രക്ഷപ്പെട്ടിട്ടുണ്ട്. അവർക്കും ആകെ എത്ര പേരുണ്ടായിരുന്നു എന്ന് പറയാൻ കഴിയുന്നില്ലെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു.സ്‌ഫോടന സ്ഥലത്ത് നിന്ന് ലഭിച്ച ശരീര ഭാഗങ്ങളുടെ ഡിഎൻഎ പരിശോധനയ്ക്ക് ശേഷമാകും പോസ്റ്റ്‌മോർട്ടത്തിലേക്ക് കടക്കുക. ഡിഎൻഎ പരിശോധന നടത്താനുള്ള വിദ്ഗദ സംഘം എത്തും. ഇന്നത്തെ പരിശോധനകൾ കൂടി കഴിഞ്ഞാൽ മാത്രമേ എത്ര പേർ ദുരന്തത്തിൽ പെട്ടു എന്നത് സ്ഥിരീകരിക്കാൻ കഴിയൂ എന്ന് മന്ത്രി പറഞ്ഞു.

ദേവസ്വം ബോർഡ് സർക്കാരിനൊപ്പം നിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതീവ സുരക്ഷിതമായി ചെയ്യേണ്ട കാര്യങ്ങളാണ് ഇവ. ഭാവിയിൽ ഇത്തരം ദുരന്തം ഉണ്ടാകാതിരിക്കാൻ വേണ്ട മുൻകരുതൽ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. അത് എല്ലാവരുമായി കൂടിയാലോചിച്ച ശേഷം തീരുമാനിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാലാണ് ചികിത്സയിലുള്ളവർക്ക് ധനസഹായം പ്രഖ്യാപിക്കാത്തത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിയോടെ അത് ചെയ്യാൻ കഴിയൂവെന്ന് മന്ത്രി വിഎൻ വാസവൻ പറഞ്ഞു.