തദ്ദേശ തിരഞ്ഞെടുപ്പ്; നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി ഇന്ന്

തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി ഇന്ന്. വൈകിട്ട് മൂന്ന് മണി വരെ സ്ഥാനാര്‍ഥികള്‍ക്ക് നേരിട്ടോ നിര്‍ദ്ദേശകര്‍ വഴിയോ പത്രിക സമര്‍പ്പിക്കാം. നാളെ പത്രികകള്‍ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കി മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ പട്ടിക റിട്ടേണിംഗ് ഓഫീസര്‍ പ്രസിദ്ധീകരിക്കും. നവംബര്‍ 24നാണ് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി. ഇന്നലെ വരെ 95,369 പത്രികകളാണ് സംസ്ഥാനത്താകമാനം ലഭിച്ചത്. അവസാന ദിവസമായ ഇന്നും മുന്നണികള്‍ പത്രിക സമര്‍പ്പിക്കും

അതേസമയം, കേരളത്തിലെ വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തിനെതിരായ ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. സംസ്ഥാന സര്‍ക്കാരും മുസ്ലിം ലീഗും കോണ്‍ഗ്രസും സിപിഐഎമ്മും നല്‍കിയ ഹര്‍ജികളാണ് പരിഗണിക്കുക. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ പരിഗണനയിലാണ് ഹര്‍ജികള്‍ വരുന്നത്.തദ്ദേശ തെരഞ്ഞെടുപ്പിനിടെ എസ്.ഐ.ആര്‍ നടത്തുന്നത് പ്രായോഗികം അല്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വാദം.

തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുംവരെ എസ്‌ഐആര്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. എസ്‌ഐആര്‍ ഭരണഘടനാ വിരുദ്ധമാണ് എന്നാണ് പാര്‍ട്ടികളുടെ ഹര്‍ജികളിലെ വാദം. ഹര്‍ജികളില്‍ കോടതി തിരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി തേടും. ബിഹാര്‍ വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന് എതിരായ ഹര്‍ജികളും ഇതേ ബെഞ്ചിലാണ് പരിഗണനയില്‍ ഉള്ളത്.