Headlines

ഭൂകമ്പം; ബംഗ്ലാദേശും അയര്‍ലന്‍ഡും തമ്മിലുള്ള ടെസ്റ്റ് മത്സരം നിര്‍ത്തി,തീവ്രത രേഖപ്പെടുത്തിയത് 5.7

ക്രിക്കറ്റില്‍ ഇത്തരമൊരു പ്രതിസന്ധി ഇതിന് മുന്‍പ് നേരിട്ടുണ്ടോ എന്നറിയില്ല. ഭൂകമ്പത്തെ തുടര്‍ന്ന് ധാക്കയിലെ മിര്‍പൂരിലെ ഷേര്‍ ഇ-ബംഗ്ലാ ദേശീയ സ്റ്റേഡിയത്തില്‍ അയര്‍ലന്‍ഡും ബംഗ്ലാദേശും തമ്മിലുള്ള ടെസ്റ്റ് മത്സരം നിര്‍ത്തി. രാവിലെയായിരുന്നു റിക്ടര്‍ സ്‌കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ഇതോടെ കളിക്കാരും അമ്പയര്‍മാരും സുരക്ഷയ്ക്കായി മത്സരം താല്‍ക്കാലികമായി നിര്‍ത്തി. ഈ സമയം രണ്ടാം ഇന്നിങ്‌സില്‍ 55 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സുമായി അയര്‍ലന്‍ഡ് താരങ്ങളായിരുന്നു ക്രീസിലുണ്ടായിരുന്നത്. ക്രിക്കറ്റ് അയര്‍ലന്‍ഡ് എന്ന എക്‌സ് പേജിലൂടെയാണ് വിവരം ആദ്യം പുറംലോകമറിഞ്ഞത്. ”ചെറിയ ഭൂകമ്പം കാരണം ഇവിടെ കളി നിര്‍ത്തി”. ഇതായിരുന്നു ക്രിക്കറ്റ് അയര്‍ലന്‍ഡ് എന്ന എക്‌സ് പേജില്‍ വന്ന കുറിപ്പ്. എന്നാല്‍ ഭൂചലനമുണ്ടായി ഏകദേശം 30 സെക്കന്‍ഡുകള്‍ കൊണ്ട് തന്നെ മത്സരം പുനരാരംഭിച്ചു. അതിനിടെ ധാക്കയിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി ബംഗ്ലാദേശ് കാലാവസ്ഥാ വകുപ്പ് പിന്നീട് സ്ഥിരീകരിച്ചു. അതേ സമയം സ്റ്റേഡിയത്തില്‍ നിന്ന് നാശനഷ്ടങ്ങളോ പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ട്രിനിഡാഡിലെ ക്വീന്‍സ് പാര്‍ക്ക് ഓവലില്‍ സിംബാബ്‌വെയും അയര്‍ലന്‍ഡും തമ്മിലുള്ള ഐസിസി പുരുഷ അണ്ടര്‍ 19 ലോകകപ്പ് മത്സരത്തിനിടെ ഉണ്ടായ ഭൂകമ്പത്തിനിടെയാണ് അവസാനമായി മത്സരം നിര്‍ത്തിവെച്ച സംഭവം ഉണ്ടായത്. 5.2 തീവ്രതയുള്ള ഭൂകമ്പമായിരുന്നു അന്നുണ്ടായത്.