പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന സർക്കാർ ആവിഷ്കരിച്ച് നടപ്പാക്കുകയും അതിവേഗം ജനപ്രിയമാവുകയും ചെയ്ത പുരപ്പുറ സോളർ സബ്സിഡി പദ്ധതിയായ ‘പിഎം സൂര്യ ഘറിന്’ തായ്‍ലൻഡിൽ നിന്നൊരു വെല്ലുവിളി. മോദി സർക്കാർ ഇന്ത്യക്കാർക്ക് വാഗ്ദാനം ചെയ്യുന്ന സബ്സിഡിയുടെ ഏതാണ്ട് ഇരട്ടിയാണ് തായ്‍ലൻഡുകാർക്ക് തായ് സർക്കാർ ഓഫർ ചെയ്യുന്നത്.
പിഎം സൂര്യ ഘർ മുഫ്ത് ബിജ്‍ലി യോജന പ്രകാരം 3 വിഭാഗങ്ങളിലായാണ് ഉപഭോക്താക്കൾക്ക് സബ്സിഡി. ഒരു കിലോവാട്ട് സോളർ സിസ്റ്റം വയ്ക്കുന്നവർക്ക് 30,000 രൂപവരെ. തുടർന്ന് അധിക കിലോവാട്ടിന് 18,000 രൂപ. 3 കിലോവാട്ടിന് മുകളിലുള്ളവയ്ക്ക് പരമാവധി 78,000 രൂപ. 50,000 തായ് ബാത്ത് ആണ് തായ്‍ലൻഡ് വാഗ്ദാനം ചെയ്യുന്നത്; ഏതാണ്ട് 1.44 ലക്ഷം രൂപ. 2027 മാർച്ചിനകം ഒരു കോടി വീടുകളിൽ പുരപ്പുറ സോളർ സ്ഥാപിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. 2027 അവസാനത്തോടെ മൊത്തം 10 മുതൽ 15 ലക്ഷം വരെ വീടുകൾ ലക്ഷ്യമിടുന്നതാണ് തായ്‍ലൻഡ് പദ്ധതി.
2024 ഫെബ്രവരിയിലാണ് പിഎം സൂര്യ ഘർ മുഫ്ത് ബിജ്‍ലി യോജനയ്ക്ക് തുടക്കം. തായ്‍ലൻഡ് പദ്ധതി പ്രഖ്യാപിച്ചത് 2026 ഓഗസ്റ്റിൽ. പിഎം സൂര്യ ഘറിൽ ഇതിനകം 83.75 ലക്ഷം അപേക്ഷകൾ ലഭിച്ചു. 57.91 ലക്ഷം വീടുകളിൽ പുരപ്പുറ സോളർ വയ്ക്കുകയും സബ്സിഡി നേടുകയും ചെയ്തു. തായ്‍ലൻഡിൽ ഒക്ടോബറിലേ റെജിസ്ട്രേഷൻ നടപടികൾ ആരംഭിക്കൂ.
പിഎം സൂര്യ ഘർ പദ്ധതിക്കായി മോദി സർക്കാർ നീക്കിവച്ചിരിക്കുന്നത് 75,021 കോടി രൂപയാണ് (ഏതാണ്ട് 9 ബില്യൻ ഡോളർ). തായ്‍ലൻഡ് സർക്കാർ നീക്കിവച്ച തുക 1.52 ബില്യൻ (ഏതാണ്ട് 15,000 കോടി രൂപ). തായ്‍ലൻഡിൽ പദ്ധതിപ്രകാരം 5 ികലോവാട്ട് സിസ്റ്റം വയ്ക്കുന്ന ഓരോ ഉപഭോക്താവിനും ഫലത്തിൽ മൊത്തം ചെലവിന്റെ 40-50% തുക സബ്സിഡിയായി നേടാം.
ഇന്ത്യയിൽ സബ്സിഡി ആനുകൂല്യത്തിന് പുറമേ സോളർ പദ്ധതിക്ക് ഈടുരഹിതമായി, 7% സബ്സിഡി നിരക്കിൽ വായ്പ നേടാം. നെറ്റ് മീറ്ററിങ് സൗകര്യം പ്രയോജനപ്പെടുത്താം. മാസം 300 യൂണിറ്റുവരെ വൈദ്യുതി സൗജന്യമായി ഉപയോഗിക്കാം.
ഇന്ത്യ പിഎം സൂര്യ ഘർ പോർട്ടൽ (https://pmsuryaghar.gov.in/) മുഖേനയും കേന്ദ്ര പുനരുപയോഗ ഊർജ മന്ത്രാലയം, വൈദ്യുതി വിതരണക്കമ്പനികൾ എന്നിവയുടെ സഹകരണത്തോടെയുമാണ് പദ്ധതി നടപ്പാക്കുന്നത്. സബ്സിഡി ‘ഡയറക്റ്റ് ബെനഫിറ്റ് ട്രാൻസ്ഫർ (ഡിബിടി)’ പ്രകാരം ഉപയോക്താവിന്റെ അക്കൗണ്ടിലും നൽകുന്നു. തായ്‍ലൻഡിൽ സർക്കാരും ബാങ്കുകളുമാണ് പങ്കാളികൾ.









