തനിക്കെതിരെ വ്യാജ പ്രചാരണം നടത്തിയെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പരാതി നല്‍കിയതിന് പിന്നാലെ ക്ഷമാപണക്കുറിപ്പുമായി കലയന്താനി കാഴ്ചകള്‍ എന്ന ഫേസ്ബുക്ക് പേജ്. സോഷ്യല്‍ മീഡിയയില്‍ വന്ന ഒരു സര്‍ക്കാന്‍ ഉത്തരവിന്റെ കോപ്പി വസ്തുത കൃത്യമായി പരിശോധിക്കാതെ പേജില്‍ കൊടുക്കാനിടയായതിലും അതുമൂലം മന്ത്രി ബാലഗോപാലിനുണ്ടായ മാനഹാനിയിലും നിര്‍വ്യാജം ഖേദിക്കുന്നുവെന്നാണ് കുറിപ്പ്. ഭാവിയില്‍ ഇത്തരം വാര്‍ത്തകളോ രാഷ്ട്രീയവുമായി ബന്ധപ്പെട്ട മറ്റുള്ളവരുടെ വിമര്‍ശനങ്ങളോ കുറിപ്പുകളോ സര്‍ക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങളോ പോസ്റ്റു ചെയ്യുമ്പോള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നതായിരിക്കുമെന്നും കുറിപ്പില്‍ പറയുന്നു. സോഷ്യല്‍ മീഡിയയില്‍ വരുന്ന മറ്റുള്ളവരുടെ വിമര്‍ശന കുറിപ്പുകളോ സര്‍ക്കാരുമായി ബന്ധപ്പെട്ട വാര്‍ത്തകളോ വസ്തുത ഉറപ്പ് വരുത്താതെ പേജില്‍ കൊടുക്കുന്നത് ഒഴിവാക്കുമെന്നും തെറ്റിദ്ധാരണാജനകമായ കുറിപ്പ് മൂലം മന്ത്രിക്കുണ്ടായ മാനഹാനിയില്‍ ക്ഷമ ചോദിക്കുന്നുവെന്നും കുറിപ്പില്‍ പറയുന്നു.
തനിക്കെതിരെ തെറ്റായ പ്രചാരണം നടത്തിയ ഫേസ്ബുക്ക് പേജിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയെന്ന് കഴിഞ്ഞ ദിവസം മന്ത്രി വ്യക്തമാക്കിയിരുന്നു. ഹൃദ്രോഗത്തെത്തുടര്‍ന്ന് ആഞ്ജിയോപ്ലാസ്റ്റി ചെയ്യുന്നതിനായി തിരുവനന്തപുരത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയിരുന്നുവെന്ന് വ്യക്തമാക്കിയ മന്ത്രി ഇതിലെ ആഞ്ജിയോപ്ലാസ്റ്റി ചികിത്സയുടെ വിവരങ്ങള്‍ മറച്ചുവെച്ചുകൊണ്ട്, കേവലം ഒരു ദിവസത്തെ ചികിത്സയ്ക്കായി വലിയ തുക അനധികൃതമായി കൈപ്പറ്റി എന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലാണ് പേജില്‍ പ്രസിദ്ധീകരിച്ച പോസ്റ്റെന്ന് ചൂണ്ടിക്കാട്ടി. ഒരുവര്‍ഷമായി പലരീതിയില്‍ നടത്തിവരുന്ന ഈ പ്രചാരണത്തെ അവഗണിക്കുകയായിരുന്നു. എന്നാല്‍ സാധാരണക്കാര്‍ പലരും സത്യമറിയാതെ ഈ പ്രചാരണം വിശ്വസിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനാലാണ് നുണപ്രചാരകര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ തീരുമാനിച്ചതെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.