ദില്ലി : ഇറാനിൽ നിന്നുള്ള ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള ഓപ്പറേഷൻ സിന്ധു ദൗത്യത്തിന്റെ ഭാഗമായ നാലാമത്തെ വിമാനവും ദില്ലിയിൽ എത്തി. ഒരു മലയാളിയും ദൗത്യത്തിന്റെ ഭാഗമായി രാജ്യത്തെത്തി. ടെഹ്റാൻ ഷാഹിദ് ബെഹ്ഷത്തി സർവകലാശാല ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിയായ മലപ്പുറം സ്വദേശി ഫാദിലയാണ് തിരികെയെത്തിയ വിമാനത്തിലുള്ളത്. ഫാദിലയെ സ്വീകരിക്കാൻ കേരള ഹൗസ് അധികൃതരും അച്ഛനും വിമാനത്താവളത്തിൽ എത്തിയിരുന്നു.
അതിനിടെ ഓപ്പറേഷൻ സിന്ധുവിലൂടെ അയൽരാജ്യങ്ങൾക്കും സഹായഹസ്തം നീട്ടുകയാണ് ഇന്ത്യ. ശ്രീലങ്ക, നേപ്പാൾ പൗര ദൗത്യത്തിൻ്റെ ഭാഗമായി തിരിച്ചെത്തിക്കും എന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ടെഹ്റാനിലെ ഇന്ത്യൻ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. ദൗത്യത്തിന്റെ ഭാഗമായി നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന നേപ്പാൾ, ശ്രീലങ്ക സ്വദേശികൾക്കായി പ്രത്യേകം നമ്പറുകളും എംബസി പ്രസിദ്ധീകരിച്ചു.
സമാധാന ചർച്ചകളിൽ അവ്യക്തത
അമേരിക്കയെ വിശ്വാസമില്ലെന്ന് ഇറാനും, ഇടപെടൽ നേരത്തെ ഉണ്ടായേക്കുമെന്ന് അമേരിക്കയും വ്യക്തമാക്കിയതോടെ തുടർ സമാധാന ചർച്ചകളിൽ അവ്യക്തത തുടരുകയാണ്. ഇസ്രയേൽ തൽക്കാലത്തേക്ക് പ്രതിരോധത്തിലായതോടെ ഇറാൻ പുതിയ ഉപാധികൾ വെയ്ക്കുന്നു. അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി സമാധാനപരമായ ആണവ സമ്പുഷ്ടീകരണത്തിൽ നടത്തിയ ഇടപെടലിലെ അപാകതകൾ കാട്ടി യു.എൻ സുരക്ഷാ കൗൺസിലിന് പരാതി നൽകി. ആക്രമണം നടക്കുമ്പോൾ മധ്യസ്ഥ ചർച്ചയില്ലെന്നും നിലപാടെടുത്തു. ആണവകേന്ദ്രം ആക്രമിച്ചതിൽ നടപടിയും ആവശ്യപ്പെടുന്നു. നിലവിലെ സാഹചര്യത്തിൽ, ചർച്ചകളിലൂടെ അന്താരാഷ്ട്ര ഉപാധികൾക്ക് വഴങ്ങിക്കൊടുക്കാൻ അത്ര വേഗം ഇറാൻ തയാറായേക്കില്ല.

 
                         
                         
                         
                         
                         
                        



