ഗര്‍ഭിണിയെ മുഖത്തടിച്ച സംഭവത്തില്‍ അരൂര്‍ എസ്എച്ച്ഒ കെ.ജി. പ്രതാപചന്ദ്രനെതിരെ വകുപ്പുതല അന്വേഷണം തുടങ്ങി. അന്വേഷണം വേഗത്തിലാക്കാന്‍ എഡിജിപി എച്ച് വെങ്കടേഷ്, അന്വേഷണ ഉദ്യോഗസ്ഥന് നിര്‍ദേശം നല്‍കി. മര്‍ദനത്തിന് കൂട്ടുനിന്ന സ്റ്റേഷനിലുണ്ടായിരുന്ന മറ്റ് പൊലീസുകാര്‍ക്കെതിരെയും നടപടിക്ക് സാധ്യതയുണ്ട്. പ്രതാപചന്ദ്രനെതിരായ കേസ് പിന്‍വലിക്കില്ലെന്ന നിലപാടിലാണ് ഷൈമോളും കുടുംബവും.
ഷൈമോളുടെയും, ഭര്‍ത്താവ് ബെന്‍ജോ ബേബിയുടെയും നീണ്ട നിയമയുദ്ധത്തിനൊടുവിലാണ് എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെ ക്രൂരമര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്. ഇതിന് പിന്നാലെയായിരുന്നു കെ ജി പ്രതാപചന്ദ്രന് സസ്‌പെന്‍ഷന്‍. മര്‍ദനം നേരിട്ട എന്‍ ജെ ഷൈമോള്‍ക്കും ഭര്‍ത്താവ് ബെന്‍ജോ ബേബിക്കുമെതിരായ പൊലീസ് നുണക്കഥയും ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പൊളിഞ്ഞു.
സ്റ്റേഷനില്‍ എത്തിക്കുന്ന പ്രതികളെ ക്രൂരമായി മര്‍ദിച്ചിരുന്ന പ്രതാപചന്ദ്രന് മിന്നല്‍ എന്നാണ് സേനയ്ക്കകത്തെ ഇരട്ട പേര്. പ്രതാപചന്ദ്രന്‍ സ്ഥിരം പ്രശ്‌നക്കാരനാണെന്നാണ് കൂടുതല്‍ ആരോപണങ്ങള്‍ ഉയരുന്നതോടെ തെളിയുന്നത്. സ്വിഗ്ഗി ജീവനക്കാരനായിരിക്കെ 2023 ല്‍ ജോലിക്കിടയില്‍ ഒരു പാലത്തിനു സമീപത്ത് ഇരിക്കുകയായിരുന്ന റിനീഷിനെ ഒരു കാരണവുമില്ലാതെയാണ് പ്രതാപചന്ദ്രന്‍ മദിച്ചത്. പൊലീസ് നടപടിയെ ചോദ്യം ചെയ്തതോടെ മര്‍ദനം തുടര്‍ന്നതായി റിനീഷ് ആരോപിക്കുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിക്കും ഡിജിപിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കിയിരുന്നു
സുഹൃത്തായ വനിത എസ്‌ഐയെ കാണാന്‍ സ്റ്റേഷനില്‍ എത്തിയപ്പോഴായിരുന്നു എറണാകുളം സ്വദേശിയായ നിയമ വിദ്യാര്‍ഥിനി പ്രീതിരാജ് ദുരനുഭവം നേരിട്ടത്. ഫോട്ടോ എടുക്കാന്‍ ശ്രമിച്ചത് തടഞ്ഞപ്പോള്‍ പ്രതാപചന്ദ്രന്‍ മോശമായി പെരുമാറിയതായി പ്രീതിരാജ് പറഞ്ഞു.
ഗര്‍ഭിണിയെ മുഖത്തടിച്ച സംഭവത്തിലാണ് നിലവില്‍ അരൂര്‍ എസ് എച്ച് ആയ പ്രതാപചന്ദ്രന്‍ സസ്‌പെന്‍ഷന്‍ നേരിടുന്നത്. പ്രതാപചന്ദ്രനെതിരെ വകുപ്പുതല നടപടിക്ക് ഒരുങ്ങുന്നതിനിടെയാണ് കുരുക്കായി കൂടുതല്‍ പരാതികള്‍ ഉയര്‍ന്നിരിക്കുന്നത്.






