ന്യൂഡൽഹി ∙ മെഡിക്കൽ പിജി വിദ്യാർഥികൾ പഠനകാലത്തു വിവാഹം കഴിക്കരുതെന്ന വിവാദ നിർദേശം അസം ദിബ്രുഗഡിലെ അസം മെഡിക്കൽ കോളജ് ആൻഡ് ഹോസ്പിറ്റൽ (എഎംസിഎച്ച്) അധികൃതർ പിൻവലിച്ചു. പഠനകാലത്തു വിവാഹം പോലുള്ള വ്യക്തിപരമായ ലക്ഷ്യങ്ങളിൽ നിന്നു പിൻമാറണമെന്നു വ്യക്തമാക്കി ബുധനാഴ്ചയാണു മെഡിക്കൽ കോളജിലെ മെഡിസിൻ വിഭാഗം മാർഗരേഖ പ്രസിദ്ധീകരിച്ചത്.
ഉത്തരവ് വ്യാപക വിമർശനത്തിന് ഇടയാക്കുകയും മെഡിക്കൽ വിദ്യാർഥികളുടെ ദേശീയസംഘടനകൾ രംഗത്തെത്തുകയും ചെയ്തതോടെയാണ് ഉത്തരവു പിൻവലിച്ചത്. ഉത്തരവ് തെറ്റിദ്ധരിക്കപ്പെട്ടുവെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. മെഡിക്കൽ പിജി വിദ്യാർഥികൾക്കു പ്രസവാവധി ഉൾപ്പെടെ അനുവദിക്കണമെന്നാണു ദേശീയ മെഡിക്കൽ കമ്മിഷന്റെ മാനദണ്ഡങ്ങളിൽ പറയുന്നത്. ഇതിനു വിരുദ്ധമാണ് അസമിലെ സർക്കാർ മെഡിക്കൽ കോളജിന്റെ നിർദേശമെന്ന് വിമർശനം ഉയർന്നിരുന്നു.






