ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് നിര്‍ണായക കണ്ടെത്തലുകളുമായി പ്രത്യേക അന്വേഷണ സംഘം. ശബരിമല സ്വര്‍ണക്കൊള്ളയുടെ മുഖ്യ ആസൂത്രകന്‍ എ പത്മകുമാറാണെന്നാണ് കണ്ടെത്തല്‍. കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്
സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് പത്മകുമാര്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നതാണ് ഗുരുതരമായ കണ്ടെത്തല്‍. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഗൂഢാലോചന നടത്തിയത് പത്മകുമാറാണെന്നും കണ്ടെത്തി. ഉണ്ണികൃഷ്ണന്‍ പോറ്റി പത്മകുമാറിന്റെ വീട്ടിലെത്തി ഗൂഢാലോചന നടത്തി. ഇതിന്റെ തെളിവും എസ്‌ഐടി ശേഖരിച്ചു. എ.പത്മകുമാര്‍ സംസ്ഥാനത്തിനു പുറത്തേക്ക് നടത്തിയ യാത്രകളിലും എസ്‌ഐടി തെളിവ് ശേഖരിച്ചു.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ രാവിലെ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തിലായിരുന്നു ചോദ്യം ചെയ്യല്‍. എസ്‌ഐടി തലവന്‍ എസ്പി ശശിധരന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ നടന്നത്. പിന്നാലെയായിരുന്നു അറസ്റ്റ്.
.നിലവില്‍ സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം കൂടിയാണ് പത്മകുമാര്‍. 32 വര്‍ഷം സിപിഐഎമ്മിന് ജില്ലാ സെക്രട്ടറിയേറ്റ് അംഗമായി പ്രവര്‍ത്തിച്ചു. 42 വര്‍ഷമായി ജില്ലാ കമ്മിറ്റി അംഗമാണ്. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തില്‍ വീണ ജോര്‍ജിനെ ക്ഷണിതാവാക്കിയതിനെ വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടു. ഈ വിവാദത്തിന് ശേഷം ജില്ലാ സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തിയില്ല. ശബരിമല യുവതി പ്രവേശന കാലത്തും വിവാദനായകനായിരുന്നു. തന്റെ വീട്ടില്‍ നിന്ന് സ്ത്രീകള്‍ ശബരിമലയിലേക്ക് പോകില്ല എന്നായിരുന്നു പത്മകുമാറിന്റെ വാദം.








