തിരുവനന്തപുരം: കോവളത്ത് സ്പായിൽ പതിനാറുകാരി ലൈംഗികാതിക്രം നേരിട്ട സംഭവത്തിൽ, കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ. ഉള്ളൂർ സോണൽ ഓഫീസിലെ ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപിന്റെ ബിനാമി സ്ഥാപനമാണ് ഡ്രീംസ് സ്പായെന്ന് നിർണായക തെളിവുകൾ ലഭിച്ചതോടെയാണ് അറസ്റ്റ്. അറസ്റ്റിന് പിന്നാലെ അനുരൂപിനെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. മേയർ വി വി രാജേഷിന്റെ നിർദേശ പ്രകാരമായിരുന്നു നടപടി. സ്പായിലെ പണമിടപാട് അനുരൂപിന്റെ പേരിലാണെന്നത് ഉൾപ്പെടെയുള്ള തെളിവുകളാണ് പൊലീസിന് ലഭിച്ചത്. ഒന്നാം പ്രതിയായ കുട്ടിയുടെ ഇളയമ്മയുമായി അനുരൂപിന് നേരിട്ട് ഇടപാടുണ്ടന്നും കണ്ടെത്തി. അനുരൂപിനെതിരെ പൊലീസിന് ലഭിച്ചത് നിർണായക തെളിവുകളാണ്.
ഡ്രീംസ് സ്പായിലെ പണമിടങ്ങാട് അനുരൂപിൻ്റെ പേരിലാണ് നടന്നിരുന്നത്. ബിനാമിയായ നിശാന്ത് ഡെയ്ലി കളക്ഷനയക്കുന്നത് അനുരൂപിനായിരുന്നു. ഇയാളുടെ ഗൂഗിൾ പേ വഴിയാണ് പണമിടപാട് നടത്തുന്നത്. സ്പായിലേക്കുള്ള സാധനങ്ങൾ വാങ്ങുന്നതും അനുരൂപ് തന്നെയാണ്.
നേരത്തെ കൈക്കൂലി വാങ്ങിയ കേസുകളിൽ നടപടി നേരിട്ട ആളാണ് അനുരൂപ്. ഇരയായ പെൺകുട്ടിക്കൊപ്പം മഹസർ തയ്യാറാക്കുന്നതിന്റെ ഭാഗമായി കോവളം വിഴിഞ്ഞം പ്രദേശങ്ങളിലെ സ്പാകളിൽ പൊലീസ് പരിശോധന നടത്തി.ഫോറൻസിക് സംഘം ഉൾപ്പെടെ ആയിരുന്നു പരിശോധന. പെൺകുട്ടി ക്രൂര പീഡനത്തിന് ഇരയായ എന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. സ്പായിൽ എത്തിയ ഇടപാട് കാരെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. സിസിടിവിയും സ്പായിലെ രജിസ്റ്ററും കേന്ദ്രീകരിച്ചുള്ള പരിശോധന തുടരുന്നു. സന്ദർശകരെ തിരിച്ചറിഞ്ഞാൽ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തും.കേസിൽ കൂടുതൽ പേർ പ്രതികൾ ആകുമെന്ന് സൂചനയുണ്ട്.
നടന്നത് മനുഷ്യക്കടത്തെന്നും കമ്മീഷൻ വ്യവസ്ഥയിലാണ് പെൺകുട്ടിയെ ഇളയമ്മ വിറ്റതെന്നുമാണ് വിവരം. പ്രതികളായ പെൺകുട്ടിയുടെ ഇളയമ്മയും ഭർത്താവും അന്തർ സംസ്ഥാന റാക്കറ്റിലെ കണ്ണികളെന്ന് പൊലീസ് പറയുന്നു. അതിക്രമം നേരിട്ട പെൺകുട്ടിയുമായി ഇന്ന് പൊലീസ് സ്പായിൽ പരിശോധന നടത്തിയിരുന്നു.









