ഡൽഹി: ഉത്സവ ഇടവേളയ്ക്ക് ശേഷം മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാറിനെതിരായ പ്രതിഷേധം തുടരുമെന്ന് കോക്രോച്ച് ജനതാ പാർട്ടി കൺവീനർ അഭിജീത് ദീപ്കെ. ഭയപ്പെടുത്താമെന്ന് കരുതേണ്ടെന്നും പോരാട്ടം തുടരുമെന്നും പ്രവർത്തകർക്കുള്ള വീഡിയോ സന്ദേശത്തിൽ ദീപ്കെ പറഞ്ഞു. പ്രതിസന്ധികളിലും ഭയമില്ലാതെയാണ് സൗരവ് ദാസും അശുതോഷ് റാങ്കയും ജയിലിൽ കഴിയുന്നത്. സമരത്തിന്റെ യഥാർത്ഥ നേതാക്കൾ അവരെന്നും ഇരുവരും പുറത്തിറങ്ങുമ്പോൾ രാജ്യം അവരെ സല്യൂട്ട് ചെയ്യുമെന്നും ദീപ്കെ പറഞ്ഞു.
പോരാടുന്നത് വിദ്വേഷത്തിനെതിരെയാണെന്നും സ്നേഹത്തിലും സമാധാനത്തിലും ഉറച്ചുനിൽക്കണമെന്നും അഭിജിത്ത് ദിപ്കെ പറഞ്ഞു. സൗരവ് ദാസിനും അശുതോഷ് റാങ്കയ്ക്കും കുടുംബത്തിൻ്റെ പൂർണ്ണ പിന്തുയുണ്ട്. സൗരവിനെയും അശുതോഷിനെയും തകർക്കാൻ ആർക്കുമാകില്ലെന്ന് അഭിജിത്ത് ദീപ്കെ പറഞ്ഞു.
ദസറയിലെ പാറ്റ കോലം കത്തിക്കലിലും ദീപ്കെ പ്രതികരിച്ചു. ഭരണകക്ഷി പ്രകോപിതരായിരിക്കുന്നു എന്ന് അദേഹം കുറ്റപ്പെടുത്തി. ഭരണകക്ഷി തങ്ങൾക്ക് ഇത്രത്തോളം പ്രാധാന്യം നൽകുന്നതിൽ സന്തോഷമെന്ന് രത്ന സിങ് പറഞ്ഞു. ഞങ്ങൾ ചെയ്യുന്നത് ശരി എന്ന് വ്യക്തം. യാതൊരു പ്രയോജനവുമില്ലാത്ത പ്രവർത്തനങ്ങൾക്കായി അധ്വാനിച്ച് ബിജെപി ഐടി സെൽ തളർന്നിട്ടുണ്ടാകുമെന്നും വിമർശനം. സൗജന്യ പബ്ലിസിറ്റിക്ക് നന്ദിയെന്ന് അഭിജിത്ത് ദീപ്കെ പ്രതികരിച്ചു.









