ന്യൂയോര്‍ക്ക്: ഇറാന്‍ യുദ്ധത്തിനെതിരായ ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവേല്‍ മാക്രോണിന്റെ വിമര്‍ശനം വ്യാജ വാര്‍ത്തയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനെതിരായ അമേരിക്കയുടെ ആക്രമണമാണ് നിലവിലെ ഊര്‍ജ്ജ പ്രതിസന്ധിക്ക് കാരണമായതെന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ അഭിപ്രായമെന്ന നിലയില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. ഇത് തികച്ചും വ്യാജമാണെന്ന് ട്രംപ് വ്യക്തമാക്കി. കുടിയേറ്റക്കാരാണ് ഫ്രാന്‍സിലെ കലാപത്തിന് കാരണമെന്ന് ട്രംപ് ആവര്‍ത്തിച്ചു. പാരീസ് വൈകാതെ മുസ്ലിം നഗരമാകും. അതിര്‍ത്തികള്‍ അടച്ച് കുടിയേറ്റം തടയണമെന്നും ഫ്രഞ്ച് പ്രസിഡന്റിനോട് ട്രംപ് ആവശ്യപ്പെട്ടു. (Paris is going to be a Muslim city very soon: Trump)
മാക്രോണ്‍ തന്റെ അടുത്ത സുഹൃത്താണെന്നും കുടിയേറ്റവുമായി ബന്ധപ്പെട്ട കാര്യത്തില്‍ നിങ്ങള്‍ വലിയ തെറ്റാണ് ചെയ്യുന്നതെന്ന് അദ്ദേഹത്തോട് പലവട്ടം പറഞ്ഞതാണെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. പാരീസ്, ലില്‍, നൈസ് തുടങ്ങിയ നഗരങ്ങളില്‍ പ്രതിഷേധം ശക്തമാകുകയും കര്‍ഫ്യു പ്രഖ്യാപിക്കപ്പെടുകയും ചെയ്തതിന് പിന്നാലെയാണ് ട്രംപിന്റെ പരാമര്‍ശം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരമില്ലായ്മ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് ഫ്രാന്‍സില്‍ പ്രതിഷേധം കനക്കുന്നത്.
അതേസമയം ഇറാനെ സാമ്പത്തികമായും സൈനികമായും ആക്രമിക്കുന്നത് തുടരുമെന്നും ഡോണള്‍ഡ് ട്രംപ് പറഞ്ഞു. സംഘര്‍ഷത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന റഷ്യയെ പ്രശംസിച്ച ട്രംപ് റഷ്യ ഇറാന് വേണ്ടി ഒന്നും ചെയ്തിട്ടില്ല എന്നത് നല്ല കാര്യമാണെന്നും അറിയിച്ചു. അതിനിടെ യുഎസ് സൈനിക നടപടി പുനരാരംഭിച്ചാല്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേക്ക് പ്രത്യാക്രമണം നടത്തുമെന്ന മുന്നറിയിപ്പുമായി ഇറാന്‍ രംഗത്തെത്തി.








