Headlines

നാളികേര വില കുത്തനെ ഉയരുമ്പോഴും വെളിച്ചെണ്ണ വില വർധിപ്പിക്കാതെ കേരഫെഡ്; കുടുംബങ്ങൾക്ക് ആശ്വാസം

തിരുവനന്തപുരം ∙ നാളികേരത്തിന്റെ വില കുത്തനെ ഉയരുകയും അവശ്യ ഭക്ഷ്യവസ്തുക്കളുടെ വില പൊതുവേ വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിലും വെളിച്ചെണ്ണയുടെ വില വർധിപ്പിക്കാതെ കേരഫെഡ്. കേരഫെഡിന്റെ പ്രമുഖ ബ്രാൻഡായ കേര വെളിച്ചെണ്ണ പഴയ വിലയിൽ തന്നെ വിപണിയിൽ തുടരുന്നത് ഓണക്കാലത്ത് സാധാരണ കുടുംബങ്ങൾക്ക് ആശ്വാസമാകുന്നു. ഒരു ലീറ്റർ കേര വെളിച്ചെണ്ണയുടെ എംആർപി 299 രൂപയാണ്. എന്നാൽ വിപണിയിലെ വിവിധ വിൽപന കേന്ദ്രങ്ങളിൽ ഇത് 270 രൂപ വരെ വിലയിൽ ലഭിക്കുന്നുണ്ട്. 500 മില്ലി ലീറ്റർ പാക്കറ്റിന്റെ എംആർപി 151 രൂപയാണെങ്കിലും ചിലയിടങ്ങളിൽ 140 രൂപ വരെ വിലയിൽ കേര വെളിച്ചെണ്ണ ലഭ്യമാകുന്നതായി വിപണി നിരീക്ഷണം വ്യക്തമാക്കുന്നു.
നാളികേരത്തിന്റെ വില വർധിക്കുന്നതിന് അനുസരിച്ച് വെളിച്ചെണ്ണയുടെ വിലയും ഉയരുന്ന പതിവ് വിപണിയിൽ നിലനിൽക്കുമ്പോഴാണ് കേരഫെഡിന്റെ കേര വെളിച്ചെണ്ണയുടെ വില മാറ്റമില്ലാതെ തുടരുന്നത് ശ്രദ്ധേയമാകുന്നത്. പ്രത്യേകിച്ച് ഓണക്കാലത്ത് അടുക്കള ചെലവ് വർധിക്കുന്ന സാഹചര്യത്തിൽ വെളിച്ചെണ്ണയുടെ വില പിടിച്ചുനിർത്തുന്നത് കുടുംബ ബജറ്റിന് വലിയ ആശ്വാസമാണ്. വിലയ്ക്കൊപ്പം അളവിന്റെ കാര്യത്തിലും കേര വെളിച്ചെണ്ണ വേറിട്ടുനിൽക്കുന്നു. വിപണിയിലെ ചില ബ്രാൻഡുകൾ ഒരു ലീറ്റർ എന്ന പേരിൽ 900 മില്ലി ലീറ്റർ മാത്രം നൽകുന്ന സാഹചര്യമുള്ളപ്പോൾ, കേരഫെഡിന്റെ കേര വെളിച്ചെണ്ണ 1 ലീറ്റർ, 500 മില്ലി ലീറ്റർ എന്നിങ്ങനെ കൃത്യമായ അളവിലാണ് വിപണിയിലെത്തുന്നത്. അതിനാൽ വില താരതമ്യം ചെയ്യുമ്പോൾ പാക്കറ്റിലെ അളവും കൂടി പരിശോധിക്കേണ്ടതുണ്ട്.
ഗുണനിലവാരമുള്ള വെളിച്ചെണ്ണ കുറഞ്ഞ വിലയിൽ ലഭ്യമാക്കുന്നുവെന്നതാണ് കേരയുടെ പ്രധാന പ്രത്യേകത. നാളികേര വില ഉയർന്നിട്ടും വില വർധിപ്പിക്കാത്തത് കേരയുടെ വിപണി സാന്നിധ്യത്തെയും ഉപഭോക്താക്കൾക്കിടയിലെ സ്വീകാര്യതയെയും കൂടുതൽ ശക്തിപ്പെടുത്തുന്ന ഘടകമാണ്. അതേസമയം, ‘കേര’ എന്ന പേരിനോട് സാമ്യമുള്ള പേരുകളിലും പാക്കേജിങ്ങിലും വ്യാജ വെളിച്ചെണ്ണ വിപണിയിൽ എത്തുന്നുണ്ടെന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. യഥാർഥ കേര വെളിച്ചെണ്ണ വാങ്ങുന്നുവെന്ന് ഉറപ്പാക്കാൻ ഉപഭോക്താക്കൾ പാക്കറ്റിലെ ബ്രാൻഡ് പേര്, ലേബൽ, നിർമാതാവിന്റെ വിവരങ്ങൾ, എംആർപി എന്നിവ പരിശോധിച്ച് വാങ്ങണം. ഓണം അടുത്തെത്തിയതോടെ വിപണി കൂടുതൽ സജീവമാകുമ്പോൾ ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം സാധാരണക്കാരെ ആശങ്കപ്പെടുത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ കുറഞ്ഞ വില, കൃത്യമായ അളവ്, ഗുണനിലവാരം എന്നിവ ഉറപ്പാക്കുന്ന കേര വെളിച്ചെണ്ണയുടെ വിലനിലവാരം ഉപഭോക്താക്കൾക്ക് ആശ്വാസം നൽകുന്നതാണ്.