Headlines

വോട്ടര്‍പട്ടികയില്‍ നിന്ന് പേരുവെട്ടാനുള്ള നോട്ടീസ് ‘മരിച്ചയാള്‍’ നേരിട്ട് കൈപ്പറ്റി; കല്യാണി മരിച്ചതാണെന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍; മരിച്ചിട്ടില്ല, പേര് വെട്ടല്ലേയെന്ന് വയോധിക

നാദാപുരത്ത് ജീവിച്ചിരിക്കുന്ന സ്ത്രീയെ മരിച്ചതായി രേഖപ്പെടുത്തി വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ നീക്കം. ഇതിന്റെ നോട്ടീസ് കൈപ്പറ്റിയത് മരിച്ചെന്ന് രേഖയിലുള്ള കല്യാണി തന്നെയാണ് ഉദ്യോഗസ്ഥരില്‍ നിന്ന് രേഖ ഏറ്റുവാങ്ങിയത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനാണ് കല്യാണി മരിച്ചു എന്നാരോപിച്ച് പരാതി നല്‍കിയത്.

ഏറെ കൗതുകകരവും സങ്കീര്‍ണവുമായ സംഭവവികാസങ്ങളാണ് വോട്ടര്‍പട്ടികയിലെ കല്യാണിയുടെ പേരുമായി ബന്ധപ്പെട്ടുണ്ടായത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ കല്യാണി മരിച്ചെന്നും അവരുടെ വോട്ട് ഒഴിവാക്കണമെന്നും കാട്ടി പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ കല്യാണിയുടെ വീട്ടിലെത്തിയത്. മരിച്ചെന്ന് പറയപ്പെടുന്ന കല്യാണിയെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കാനുള്ള നോട്ടീസ് കല്യാണി തന്നെ ഉദ്യോഗസ്ഥരില്‍ നിന്ന് ഏറ്റുവാങ്ങി.

പിന്നീട് താന്‍ മരിച്ചിട്ടില്ലെന്നും വോട്ട് തള്ളരുതേയെന്നും കല്യാണിക്ക് ഉദ്യോഗസ്ഥരോട് പറയേണ്ട ഗതിവന്നു.
കല്യാണിയുടെ പേരുമായി ബന്ധപ്പെട്ട് ഉയര്‍ന്നത് തെറ്റായ പരാതിയെന്ന് ഉദ്യോഗസ്ഥര്‍ക്ക് ബോധ്യപ്പെട്ടതിനാല്‍ മറ്റ് നടപടിക്രമങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ ബന്ധു കൂടിയാണ് കല്യാണി. വരുന്ന തിരഞ്ഞെടുപ്പില്‍ എന്തായാലും ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തുമെന്നും താന്‍ മരിച്ചുവെന്ന് പരാതി നല്‍കിയത് ആരെന്ന് അറിയണമെന്നും കല്യാണി പറഞ്ഞു.