Headlines

‘ഒട്ടും അർഹിച്ച കളിയായിരുന്നില്ല തങ്ങളുടേതെന്ന് മറ്റാരേക്കാളും മെസി തിരിച്ചറിഞ്ഞു, ഇനി 10 -ാം നമ്പർ കുപ്പായം അണിയാനിടയില്ലെന്ന് ഓർത്തായിരിക്കും കവിളുകൾ കണ്ണീരിൽ കുതിർന്നത്’; എം ബി രാജേഷ്

 

ലോകകപ്പ് ഫൈനലിൽ സ്പെയിനിനോട് തോറ്റ് സമ്മാനദാന ചടങ്ങിൽ വെള്ളി മെഡൽ സ്വീകരിച്ച ശേഷം കണ്ണീരണിഞ്ഞ ലയണൽ മെസ്സിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോൾ മെസിയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ മന്ത്രി എം ബി രാജേഷ്. മെസി എന്ന ഫുട്ബോൾ മിശിഹാ കണ്ണുനീരണിഞ്ഞത് ഇന്നലെ കൈവിട്ടു പോയ ലോക കപ്പിൻ്റെ നഷ്ടബോധത്തിലാവില്ലെന്ന് തീർച്ച. കാരണം ആ കപ്പ് ഒട്ടും അർഹിച്ച കളിയായിരുന്നില്ല തങ്ങളുടേതെന്ന് ലോകത്ത് മറ്റാരേക്കാൾ നന്നായി തിരിച്ചറിഞ്ഞയാൾ മെസി തന്നെ ആയിരിക്കും.അത് അർഹിച്ച ടീമിനാണ് കിട്ടിയത് എന്ന് അദ്ദേഹത്തിലെ കളിക്കാരൻ അംഗീകരിക്കുന്നുമുണ്ടാകുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

 

 

ലോകകപ്പിനായി ഇനി ഒരിക്കൽ കൂടി ബൂട്ട് കെട്ടില്ലെന്നും ഒരുപക്ഷേ അർജൻറീനയുടെ വെള്ളയിൽ നീലവരകളുള്ള 10 -ാം നമ്പർ കുപ്പായം ഇനിയൊരിക്കലും അണിയാനിടയില്ലെന്നും മടങ്ങുന്നത് തൻ്റെ അവസാന കളിയരങ്ങൊഴിഞ്ഞാണല്ലോ എന്നുമെല്ലാം ഓർത്തായിരിക്കും അദ്ദേഹത്തിൻ്റെ കവിളുകൾ കണ്ണീരിൽ കുതിർന്നത്. ചുണ്ടുകൾ വിതുമ്പിയത്. രണ്ട് പതിറ്റാണ്ടിന്റെ കളിയോർമ്മകൾ,ഗ്യാലറികളിലെ ഇടി മുഴക്കങ്ങൾ ,ആഹ്ലാദ മുഹൂർത്തങ്ങൾ, താണ്ടിയ നിരാശയുടെ തമോഗർത്തങ്ങൾ, പന്തുമായി നൃത്തം വെച്ച പുൽത്തട്ടുകൾ,ഇടം വലം കാലുകൾ കൊണ്ട് താൻ ഭേദിച്ച പ്രതിരോധ വൻമതിലുകൾ, നിറച്ച ഗോൾ വലകൾ എല്ലാം സെക്കന്റുകൾ കൊണ്ട് അവസാന വിസിലിനു ശേഷം അയാളുടെ മനസ്സിലൂടെ ഫ്ലാഷ് ബാക്കായി പാഞ്ഞു പോയി കാണും.

 

ഈ ലോകകപ്പിൽ കണ്ണീരും കുമ്പിട്ട ശിരസ്സുമായി ബൂട്ട് അഴിച്ചുപോയ തന്റെ സമകാലികനായ മറ്റൊരു ഇതിഹാസം റൊണാൾഡോയെ ഓർമ്മിപ്പിച്ചു ഫൈനലിലെ മെസി.വിജയിച്ച സ്പെയിൻ പഠിപ്പിച്ച പാഠങ്ങൾ പ്രധാനമാണ്.ഒരു താരത്തിനു മാത്രമായി വിജയിപ്പിക്കാവുന്ന കളിയല്ല ആധുനിക ഫുട്ബോൾ എന്നും പതിനൊന്നു പേരുടെ മികവും കൂട്ടായ്മയും കൊണ്ട് മാത്രം സാധിക്കുന്നതാണ് അതെന്നുമുള്ളതാണ് ഒന്നാമത്തേത്.

 

ബുദ്ധിയും തന്ത്രങ്ങളും സാങ്കേതികമാറ്റവും കൊണ്ടല്ലാതെ വൈകാരികത കൊണ്ടു മാത്രം ഫുട്ബാളിൽ ജയിക്കാനാവില്ല എന്നതാണ് മറ്റൊന്ന്.വാണവരെല്ലാം ഒരിക്കൽ ബൂട്ടഴിച്ചൊഴിയും. പുതിയവർ ആ ശൂന്യത നികത്തും.കളിയരങ്ങുകളിൽ ഇനിയും ആഹ്ലാദചിരികളും സങ്കടക്കണ്ണീരും ചിതറും. പക്ഷേ, അതിനെല്ലാം അപ്പുറം വലകളിൽ വിലയം പ്രാപിക്കാനായി അപ്പോഴും എപ്പോഴും പന്ത് ഉരുണ്ടുകൊണ്ടേയിരിക്കും.ജൈത്രയാത്രകൾ,വീരനായകർ,പടകൾ,പരാജയങ്ങൾ,ദുരന്ത കഥാപാത്രങ്ങളെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

 

എം ബി രാജേഷ് ഫേസ്ബുക്കിൽ കുറിച്ചത്

 

ഇരു കവിളുകളിലൂടെയും ഒലിച്ചിറങ്ങുന്ന കണ്ണുനീർ തുടയ്ക്കാൻ ശ്രമിക്കാതെ വികാരവിക്ഷുബ്ധമായ മുഖവുമായി ലിയോണൽ മെസി എന്ന ഇതിഹാസം ഇന്നലെ മൈതാനത്തു നിന്നു.ലോകത്തിൻ്റെ മുഴുവൻ കണ്ണുകൾക്കു മുമ്പിൽ.വിണ്ണിലെ താരമായിട്ടല്ല മണ്ണിലിറങ്ങിയ ഒരു വെറും മനുഷ്യനായി.അതിനുശേഷം തല കുമ്പിട്ട് മറ്റൊന്നും ശ്രദ്ധിക്കാതെ ഡ്രസ്സിംഗ് റൂമിലേക്ക് നടന്നു. അതുകണ്ടപ്പോൾ ഓർത്തത് കാൽനൂറ്റാണ്ട് മുമ്പുള്ള ഒരു കാഴ്ചയാണ് .1990 ലെ ഫൈനലിൽ പശ്ചിമ ജർമ്മനിയോട് പരാജയപ്പെട്ട് കണ്ണീരണിഞ്ഞു നിന്ന മറ്റൊരു ഇതിഹാസമായ ദ്യോഗോ മറഡോണയുടേതായിരുന്നു അത്.

മെസി എന്ന ഫുട്ബോൾ മിശിഹാ കണ്ണുനീരണിഞ്ഞത് ഇന്നലെ കൈവിട്ടു പോയ ലോക കപ്പിൻ്റെ നഷ്ടബോധത്തിലാവില്ലെന്നു തീർച്ച. കാരണം ആ കപ്പ് ഒട്ടും അർഹിച്ച കളിയായിരുന്നില്ല തങ്ങളുടേതെന്ന് ലോകത്ത് മറ്റാരേക്കാൾ നന്നായി തിരിച്ചറിഞ്ഞയാൾ മെസി തന്നെ ആയിരിക്കും .അത് അർഹിച്ച ടീമിനാണ് കിട്ടിയത് എന്ന് അദ്ദേഹത്തിലെ കളിക്കാരൻ അംഗീകരിക്കുന്നുമുണ്ടാകും. ലോകകപ്പിനായി ഇനി ഒരിക്കൽ കൂടി ബൂട്ട് കെട്ടില്ലെന്നും ഒരുപക്ഷേ അർജൻറീനയുടെ വെള്ളയിൽ നീലവരകളുള്ള 10 -ാം നമ്പർ കുപ്പായംഇനിയൊരിക്കലും അണിയാനിടയില്ലെന്നും മടങ്ങുന്നത് തൻ്റെ അവസാന കളിയരങ്ങൊഴിഞ്ഞാണല്ലോ എന്നുമെല്ലാം ഓർത്തായിരിക്കും അദ്ദേഹത്തിൻ്റെ കവിളുകൾ കണ്ണീരിൽ കുതിർന്നത്. ചുണ്ടുകൾ വിതുമ്പിയത്. രണ്ട് പതിറ്റാണ്ടിന്റെ കളിയോർമ്മകൾ,ഗ്യാലറികളിലെ ഇടി മുഴക്കങ്ങൾ ,ആഹ്ലാദ മുഹൂർത്തങ്ങൾ, താണ്ടിയ നിരാശയുടെ തമോഗർത്തങ്ങൾ, പന്തുമായി നൃത്തം വെച്ച പുൽത്തട്ടുകൾ,ഇടം വലം കാലുകൾ കൊണ്ട് താൻ ഭേദിച്ച പ്രതിരോധ വൻമതിലുകൾ, നിറച്ച ഗോൾ വലകൾ എല്ലാം സെക്കന്റുകൾ കൊണ്ട് അവസാന വിസിലിനു ശേഷം അയാളുടെ മനസ്സിലൂടെ ഫ്ലാഷ് ബാക്കായി പാഞ്ഞു പോയി കാണും.

മെസി എന്ന വൈകാരികതയേയും ലോകമെമ്പാടുമുള്ള ആരാധകരുടെ ഗൃഹാതുരമായ പിന്തുണയേയും ആശ്രയിച്ചു കളിച്ച അർജൻ്റീനക്ക് ജയപരാജയത്തിനപ്പുറം വീരോചിതമായ ഒരു പോരാട്ടം കൊണ്ട് പോലും അർഹമായ ഒരു യാത്രയയപ്പ് ഈ ഫൈനലിൽ മെസിക്ക് കൊടുക്കാനായില്ലല്ലോ.സ്കോർ നില സൂചിപ്പിക്കുന്നതിനേക്കാൾ എത്രയോ ഏകപക്ഷീയമായ ഒരു മത്സരത്തിൽ പന്തുപോലും കിട്ടാതെ ലക്ഷ്യബോധമറ്റു പോയ സ്കലോണിയുടെ സംഘത്തിന് എങ്ങനെ മെസിക്ക് പന്തെത്തിച്ചു നൽകാനാവുമായിരുന്നു ? പന്തുകൊണ്ട് ഇന്ദ്രജാലം കാണിച്ചിരുന്ന മിശിഹാ ഇന്നലെ പന്തിനായി മൈതാനത്ത് അലഞ്ഞുതിരിയുന്നത് ഒരു സങ്കടക്കാഴ്ചയായി.

ഈ ലോകകപ്പിൽ കണ്ണീരും കുമ്പിട്ട ശിരസ്സുമായി ബൂട്ട് അഴിച്ചുപോയ തന്റെ സമകാലികനായ മറ്റൊരു ഇതിഹാസം റൊണാൾഡോയെ ഓർമ്മിപ്പിച്ചു ഫൈനലിലെ മെസി.

വിജയിച്ച സ്പെയിൻ പഠിപ്പിച്ച പാഠങ്ങൾ പ്രധാനമാണ്.ഒരു താരത്തിനു മാത്രമായി വിജയിപ്പിക്കാവുന്ന കളിയല്ല ആധുനിക ഫുട്ബോൾ എന്നും പതിനൊന്നു പേരുടെ മികവും കൂട്ടായ്മയും കൊണ്ട് മാത്രം സാധിക്കുന്നതാണ് അതെന്നുമുള്ളതാണ് ഒന്നാമത്തേത്.ബുദ്ധിയും തന്ത്രങ്ങളും സാങ്കേതികമാറ്റവും കൊണ്ടല്ലാതെ വൈകാരികത കൊണ്ടു മാത്രം ഫുട്ബാളിൽ ജയിക്കാനാവില്ല എന്നതാണ് മറ്റൊന്ന്.എതിർവലക്കു മുന്നിലെത്തിയാൽ കാല് പാളുന്ന കളിച്ചന്തം കൊണ്ടു മാത്രമായില്ല എന്ന പാഠം ഇന്നലെ സ്പെയിൻ സ്വയം പഠിച്ചിട്ടുമുണ്ടാകും.ഇന്നലത്തെ കളി നിമിഷാർദ്ധത്തിലെ ഭാഗ്യനിർഭാഗ്യങ്ങളാൽ മാത്രം വിധി നിർണയിക്കുന്ന ഷൂട്ടൗട്ടിൽ എത്തുകയും അർജന്റീന ജയിക്കുകയും ചെയ്തിരുന്നെങ്കിൽ പരാജയപ്പെടുക ഫുട്ബാളായിരുന്നു.സ്പെയിൻ മാത്രമല്ല.

ഈ ലോകകപ്പ് നൽകുന്ന ഏറ്റവും വലിയ പാഠം ഇഷ്ട ടീമിനോടുള്ള അന്ധമായ ആരാധനയ്ക്ക് മുകളിലാണ് ഫുട്ബോൾ എന്നതത്രേ. ജയത്തിലും പരാജയത്തിലും ഇഷ്ട ടീമിനൊപ്പം നിൽക്കുന്ന കാല്പനികവും ഗൃഹാതുരവുമായ ആരാധന മനസ്സിലാക്കാം.അത്രത്തോളം വരെ നിരുപദ്രവകരമാണ്.എന്നാൽ തങ്ങളുടെ ടീമിനെ വിമർശിക്കുന്നത് ദൈവനിന്ദയോളം പോന്ന കുറ്റമാണ് എന്നും തങ്ങളുടെതല്ലാത്ത മറ്റൊന്നിനേയും ആരേയും വെച്ചുപൊറുപ്പിക്കില്ലെന്നുമുള്ള മനോഭാവം ആരാധനയുടെ മുഖ്യഭാവമായിത്തീരുന്നുണ്ട്.അതെന്തായാലും ഫുട്ബോളിന്റെ സ്പിരിറ്റ് അല്ല.രോഗാതുരമായ ഒരു സാമൂഹ്യ മനോഭാവത്തിന്റെ ലക്ഷണങ്ങളായിട്ടാണ് അവയെ തിരിച്ചറിവേണ്ടത്.

ഇനിയും ഭൂമിയിൽ പന്തുരുളും. അവയ്ക്ക് പിന്നാലെ അനേകം പേർ പാഞ്ഞുകൊണ്ടിരിക്കും. അവരിൽ നിന്ന് ഇനിയും ഇതിഹാസങ്ങൾ പിറക്കും. അവർ മൈതാനങ്ങളെ ത്രസിപ്പിക്കും.അതുകണ്ട് ഹർഷോന്മാദത്തോടെ ജനലക്ഷങ്ങൾ ആരവങ്ങളുയർത്തും അവരെ ആരാധിക്കും. അരങ്ങുകൾ അടക്കി വാണവരെല്ലാം ഒരിക്കൽ ബൂട്ടഴിച്ചൊഴിയും. പുതിയവർ ആ ശൂന്യത നികത്തും.കളിയരങ്ങുകളിൽ ഇനിയും ആഹ്ലാദചിരികളും സങ്കടക്കണ്ണീരും ചിതറും. പക്ഷേ, അതിനെല്ലാം അപ്പുറം വലകളിൽ വിലയം പ്രാപിക്കാനായി അപ്പോഴും എപ്പോഴും പന്ത് ഉരുണ്ടുകൊണ്ടേയിരിക്കും.ജൈത്രയാത്രകൾ,വീരനായകർ,പടകൾ,പരാജയങ്ങൾ,ദുരന്ത കഥാപാത്രങ്ങൾ……..അവസാനിക്കാത്ത കഥകളും ഉപകഥകകളുമായി അവസാന വിസിലില്ലാത്ത,ഒരിക്കലും എഴുതിതീരാത്ത ഇതിഹാസമായി മനുജവംശമുള്ള നാളോളം ഫുട്ബാൾ തുടരും.