അഞ്ച് വര്‍ഷം മുന്‍പ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയയായ വീട്ടമ്മയുടെ വയറ്റില്‍ കത്രിക കുടുങ്ങിയെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറും മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ടും രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം വി. ഗീത ആവശ്യപ്പെട്ടു. (Scissors found in woman’s abdomen)ഗര്‍ഭപാത്രത്തിലെ മുഴ നീക്കം ചെയ്യാന്‍ 2021 മേയ് 10നാണ് പുന്നപ്ര സ്വദേശിനി ഉഷാ ജോസഫ് ശസ്ത്രക്രിയക്ക് വിധേയയായത്. വീട്ടിലെത്തിയ ശേഷം കടുത്ത വേദനയും തുടര്‍ച്ചയായ രക്തസ്രാവവുമുണ്ടായി. വര്‍ഷങ്ങളോളം മരുന്ന് കഴിക്കുകയായിരുന്നു. ഒടുവില്‍ ഒരു യൂറോളജി ഡോക്ടറാണ് വയറ്റില്‍ കത്രിക കുടുങ്ങിയതായി കണ്ടെത്തിയത്.ഇന്നലെ രാത്രിയോടെയാണ് ഉഷയെ അമൃത ആശുപത്രിയില്‍ എത്തിച്ചത്. ആദ്യം അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച ഉഷയെ പിന്നിട് ഗ്യാസ്‌ട്രോയിലേക്ക് മാറ്റി. രാവിലെ തന്നെ സിടി സ്‌കാനും എടുത്തു. വൈകിട്ട് മെഡിക്കല്‍ ബോര്‍ഡ് ചേരും. നാളെയാണ് ശാസ്ത്രക്രിയ നടത്തുക.
ഡോക്ടര്‍ ലളിതാംബികയുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത് എന്ന് ഉഷയുടെ മകന്‍ പറഞ്ഞു. അവര്‍ക്ക് വീട്ടിലെത്തി പണം നല്‍കി എന്നും
ആരോപണമുണ്ട്.
അന്വേഷണം ആവശ്യപ്പെട്ട് കുടുംബം അമ്പലപ്പുഴ പൊലീസില്‍ പരാതി നല്‍കും. ആരോഗ്യവകുപ്പിന്റെ പ്രതിനിധിയെത്തി കുടുംബത്തില്‍ നിന്ന് വിവരങ്ങളും
ശേഖരിക്കും. കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, ഷാനി മോള്‍ ഉസ്മാന്‍ എന്നിവര്‍ ഉഷയെ ആശുപത്രിയിലെത്തി കണ്ടു.









