സംസ്ഥാനത്തെ യുവജനങ്ങൾക്ക് തൊഴിൽ നൈപുണ്യ പരിശീലനത്തോടൊപ്പം സാമ്പത്തിക സഹായവും ഉറപ്പാക്കുന്ന മുഖ്യമന്ത്രിയുടെ ‘കണക്ട് ടു വർക്ക്’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ നടക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. യുവതി യുവാക്കൾക്ക് മാസം 1000 രൂപ വീതം ഒരു വർഷം വരെ ധനസഹായം ലഭിക്കുന്നതാണ് പദ്ധതി.
18 മുതൽ 30 വയസ്സുവരെ പ്രായമുള്ളവർക്കായി വിഭാവനം ചെയ്തിരിക്കുന്ന ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത് കുടുംബ വാർഷിക വരുമാനം അഞ്ച് ലക്ഷം രൂപയിൽ താഴെയുള്ളവർക്കാണ്. ഇതുവരെ 36500 അപേക്ഷകളാണ് ലഭിച്ചിരിക്കുന്നത്. ഇതിൽ ആദ്യഘട്ടമായി 10000 അപേക്ഷകൾ കൈമാറി. പൂർണമല്ലാത്ത അപേക്ഷകളാണ് രണ്ടാം ഘട്ടത്തിലേക്ക് മാറ്റിയത്. അപേക്ഷകരെ അങ്ങോട്ട് ബന്ധപ്പെടുമെന്നും 600 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നതെന്നും 5 ലക്ഷം തൊഴിൽ അന്വേഷകർക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, മന്ത്രി സജി ചെറിയാന്റെ പ്രസ്താവന വളച്ചൊടിക്കുകയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. ന്യൂന പക്ഷ വർഗീയതയും ഭൂരിപക്ഷ വർഗീയതയും ചെറുക്കപ്പെടണം എന്നാണ് സജി ചെറിയാൻ പറഞ്ഞത്. ന്യൂനപക്ഷങ്ങൾക്ക് വേണ്ടി നിരന്തരം പോരാടിയ ആളാണ് സജി ചെറിയാനെന്നും മന്ത്രി വി ശിവൻകുട്ടി കൂട്ടിച്ചേർത്തു. കായിക മന്ത്രി അബ്ദു റഹ്മാൻ ജമാ അത്തെ ഇസ്ലാമി പരിപാടിയിൽ പങ്കെടുത്ത സംഭവം തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും ജനപ്രതിനിധികളാകുമ്പോൾ സാധാരണ പരിപാടികളിൽ പങ്കെടുക്കാറുണ്ടെന്നും മന്ത്രി വ്യക്തമാക്കി.








