Headlines

ത്രിശക്തിസംഗമം: ട്രംപ്, പുട്ടിൻ, ഷി ഒന്നിക്കും; ചൈനയിൽ ഇന്ന് ചരിത്രഉച്ചകോടി

‘ഒരു വശത്തു കൈകൾ നീട്ടിപ്പിടിച്ചിരിക്കുന്ന കൂറ്റൻ റഷ്യൻ കരടി, മറുവശത്തു ഭീമൻ അമേരിക്കൻ പോത്ത്. വീട്ടിൽ മടങ്ങിയെത്താൻ വഴിയറിയാവുന്നതോ ഇടയിലിരുന്ന പാവം കൊച്ചു ഇംഗ്ലിഷ് കഴുതയ്ക്കു മാത്രം’– രണ്ടാം ലോകയുദ്ധം അവസാനിപ്പിക്കാനുള്ള ടെഹ്റാൻ ചർച്ചകളിൽ യുഎസ് പ്രസിഡന്റ് ഫ്രാങ്ക്ളിൻ റൂസ്‌വെൽറ്റ്, സോവിയറ്റ് നേതാവ് ജോസഫ് സ്റ്റാലിൻ എന്നിവരോടൊപ്പം പങ്കെടുത്തശേഷം ബ്രിട്ടിഷ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിൽ പറഞ്ഞ വാക്കുകളാണിവ. വളർന്നുവരുന്ന ശക്തികൾ അമേരിക്കയും റഷ്യയുമാണെന്നും ബ്രിട്ടൻ തളർന്നുകൊണ്ടിരിക്കുന്ന ശക്തിയാണെന്നുമുള്ള വ്യക്തമായ ബോധത്തോടെ നടത്തിയ പ്രസ്താവന. എങ്കിലും ഒന്നുകൂടിയുണ്ട് – ലോകപരിചയമുള്ള ബ്രിട്ടനെക്കൂടാതെ ഇവർക്കു ലക്ഷ്യത്തിലെത്താനാവില്ല.

ലോകയുദ്ധക്കാലത്ത് അന്നത്തെ 3 ലോകശക്തികളുടെ നായകർ സമ്മേളിച്ചശേഷം ആദ്യമായി ഇന്നു വീണ്ടും ആധുനികലോകശക്തികളുടെ 3 നായകർ ചൈനയിലെ ഷെൻഷെനിൽ സമ്മേളിക്കുകയാണ്. അന്നത്തെ ബ്രിട്ടന്റെ സ്ഥാനത്ത് ഇന്ന് റഷ്യ, അന്നത്തെ റഷ്യയുടെ സ്ഥാനത്ത് ഇന്ന് ചൈന.

തളർന്നുകൊണ്ടിരിക്കുന്ന ശക്തിയാണ് റഷ്യയെങ്കിലും മറ്റു 2 പേരെക്കാൾ ലോകപരിചയം അവർക്കുണ്ട്. കഷ്ടിച്ച് 6 കൊല്ലത്തെ ഭരണപരിചയമാണ് യുഎസ് പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപിന്. 14 കൊല്ലത്തെ നേതൃപരിചയമാണ് ഷീ ജിൻപിങ്ങിന്. പുട്ടിനാണെങ്കിൽ കാൽനൂറ്റാണ്ടുകാലത്തെ ഭരണപരിചയവും. ഈ ബോധത്തോടെയാവാം ഇങ്ങനെയൊരു ത്രിമൂർത്തിസമ്മേളനം പുട്ടിൻ നിർദേശിച്ചതുതന്നെ.
അണ്വായുധനിയന്ത്രണം, യുക്രെയ്ൻ–പശ്ചിമേഷ്യ യുദ്ധങ്ങൾ, വാണിജ്യം–നിർമിതബുദ്ധി എന്നീ വിഷയങ്ങളാണ് ചർച്ചയ്ക്കു വരാൻ സാധ്യതയുള്ളത്. ഇതുവരെ അണ്വായുധനിയന്ത്രണ ചർച്ചകളും കരാറുകളും റഷ്യയും അമേരിക്കയും തമ്മിലായിരുന്നു. നിലവിലുള്ള കരാർപ്രകാരം 6000 ആണവപോർമുനകളാണ് ഇരുരാജ്യത്തിനും അനുവദിച്ചിരിക്കുന്നത്. കരാറിന്റെ കാലാവധി ഇക്കൊല്ലം ഫെബ്രുവരിയിൽ പൂർത്തിയായി. പുതിയ കരാറിനായി ചർച്ചകൾ നടക്കേണ്ടതുണ്ട്. നിലവിൽ ആയിരത്തിൽതാഴെ ആയുധമുള്ള ചൈനയ്ക്ക് അണ്വായുധനിയന്ത്രണ ചർച്ചകളിൽ താൽപര്യമില്ല. എന്നാൽ, അണ്വായുധങ്ങൾ കൂടുതൽ രാജ്യങ്ങളുടെ കൈവശമെത്തുന്നതു തടയാൻ 3 പേർക്കും താൽപര്യമാണ്. ഇറാനും വടക്കൻ കൊറിയയും ഉയർത്തുന്ന ഭീഷണിയും ചർച്ചയ്ക്കു വന്നേക്കും.

യുക്രെയ്ൻ യുദ്ധം ഇന്നത്തെ അവസ്ഥയിൽ അവസാനിപ്പിക്കാൻ പുട്ടിന് ആഗ്രഹമുണ്ട്. യുക്രെയ്നിന്റെ റഷ്യൻ ഭൂരിപക്ഷമുള്ള കിഴക്കൻ പ്രദേശങ്ങൾ റഷ്യൻ സൈന്യത്തിന്റെ പിടിയിലായിക്കഴിഞ്ഞു. നാറ്റോയുടെ സുരക്ഷാഉറപ്പുകളുടെ ബലത്തിൽ, എന്നാൽ യുക്രെയ്നിനെ നാറ്റോസഖ്യത്തിൽ ചേരാൻ സമ്മതിക്കാതെ, യുദ്ധം അവസാനിപ്പിക്കാനാണ് പുട്ടിനു താൽപര്യം. ഇതിനായി അമേരിക്കയുമായി സമാന്തരചർച്ചകൾ നടന്നുവരികയാണ്. യുറോപ്യൻ രാജ്യങ്ങളും യുക്രെയ്നും ഇതിനു സമ്മതിച്ചെന്നു വരില്ല. അതേസമയം, അമേരിക്ക പിന്മാറിയാൽ യുദ്ധവുമായി മുന്നോട്ടുപോകാൻ അവർക്കു കഴിയുകയുമില്ല

വാണിജ്യകാര്യങ്ങളിലും നിർമിതബുദ്ധി നിയന്ത്രണം സംബന്ധിച്ച കാര്യങ്ങളിലുമാണ് ചൈനയ്ക്കും അമേരിക്കയ്ക്കും മുഖ്യതാൽപര്യം. യുഎസിന്റെ, പ്രത്യേകിച്ച് ട്രംപ് ഭരണകൂടത്തിന്റെ, തീരുവനയങ്ങളോടും ചൈനയെ പാർശ്വവൽകരിച്ചുകൊണ്ടുള്ള സപ്ലൈ ചെയിൻ സംവിധാനങ്ങളോടും ചൈനയ്ക്കു നീരസമുണ്ട്.

നിർമിതബുദ്ധി വികസനം ചില ധാരണകളുടെ അടിസ്ഥാനത്തിൽ സുരക്ഷിതപാതയിലൂടെ മുന്നോട്ടുകൊണ്ടുപോകാൻ 3 ശക്തികൾക്കും താൽപര്യമുണ്ട്. പ്രത്യേകിച്ച് ആരോഗ്യം, വിദ്യാഭ്യാസം, ഊർജവികസനം എന്നീരംഗങ്ങളിൽ. ഏതായാലും പുതിയ തീരുമാനങ്ങളോ പ്രഖ്യാപനങ്ങളോ ലോകം പ്രതീക്ഷിക്കുന്നില്ല. എന്നാൽ, ലോകരാഷ്ട്രീയത്തിന്റെ ഭാവി തങ്ങളുടെ താൽപര്യമനുസരിച്ചാവുമെന്ന് വ്യംഗ്യമായി ലോകത്തോടു പറയാനാവും 3 പേരുടെയും സംയുക്തമായ ശ്രമം.