തിരുവനന്തപുരം: പി.എം. ശ്രീ പദ്ധതിയെ ചൊല്ലി സംസ്ഥാനത്ത് വീണ്ടും വിവാദം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നു. പദ്ധതിയിൽ ചേരാൻ വിദ്യാഭ്യാസ വകുപ്പ് തയ്യാറെടുക്കുമ്പോൾ, കേന്ദ്ര സർക്കാരിൻ്റെ ദേശീയ വിദ്യാഭ്യാസ നയം തുറന്നെതിർക്കേണ്ടതാണെന്നും പിഎം ശ്രീയിൽ ചേരരുതെന്നും സിപിഐ സംസ്ഥാന നേതൃത്വം പറയുന്നു. കേന്ദ്ര സർക്കാരിൽ നിന്ന് ഫണ്ട് നേടിയെടുക്കാനാണ് സംസ്ഥാനം ഈ പദ്ധതിയുടെ ഭാഗമാകാൻ തീരുമാനിച്ചത്. അതേസമയം ദേശീയ വിദ്യാഭ്യാസ നയത്തെ അനുകൂലിക്കില്ലെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കുന്നു. എൻ.ഇ.പിയിൽ കേന്ദ്രം നയം മാറ്റിയിട്ടില്ലെന്നും ഇടത് സർക്കാർ ഇതിനെ എതിർക്കുകയാണ് വേണ്ടതെന്നും വിഷയത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു.
കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ കേന്ദ്ര ഫണ്ട് ലഭിക്കുന്നില്ലെന്ന് വിദ്യാഭ്യാസ മന്ത്രി നേരത്തേ വ്യക്തമാക്കിയതാണ്. കേരളത്തിന് ഈ വർഷം വിദ്യാഭ്യാസ മേഖലയിൽ ലഭിച്ചത് പൂജ്യം തുകയാണ്. ഇത് കടുത്ത അനീതിയാണ്. സാമ്പത്തികമായി ബുദ്ധിമുട്ടിക്കുകയാണ് ചെയ്യുന്നത്. ഒരുതരത്തിലും അംഗീകരിക്കാൻ കഴിയുന്നതല്ല കേന്ദ്ര സർക്കാരിൻ്റെ ഈ നിലപാടെന്നും സാധാരണക്കാരായ കുട്ടികളുടെ ഭക്ഷണവും യൂണിഫോമും ഒക്കെ ഈ ഫണ്ടിൽ നിന്നാണെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞിരുന്നു. വിദ്യാഭാസ നിലവാരത്തിൽ കേരളം രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളേക്കാൾ മുന്നിലാണ്. ഒന്നാം ക്ലാസിൽ എത്തുന്ന 99% ത്തിലധികം കുട്ടികളും പത്താംക്ലാസിൽ എത്തുന്നു. തുടർ പഠനത്തിലെ ശരാശരിയിൽ കേരളം വളരെ മുന്നിലാണ്.