കോട്ടയം: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരെ പുകഴ്ത്തി സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സുകുമാരന്‍ നായര്‍ സമുദായ താല്‍പ്പര്യം മുന്‍നിര്‍ത്തി മാത്രം പ്രവര്‍ത്തിക്കുന്നയാള്‍ എന്നാണ് സ്പീക്കറുടെ പ്രശംസ. കേരളത്തിലെ സാമൂഹ്യ ഐക്യം തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കുമെതിരെ ശക്തമായ നിലപാടെടുത്ത വ്യക്തിയാണ് സുകുമാരന്‍ നായരെന്നും സ്പീക്കര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പുകഴ്ത്തി. (Thiruvanchoor Radhakrishnan praises g sukumaran nair)
സുകുമാരന്‍ നായര്‍ ഛിദ്രശക്തികളെ എന്നും എന്‍എസ്എസില്‍ നിന്നും അകറ്റി നിര്‍ത്തിയിട്ടുണ്ടെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു. മുന്‍മന്ത്രി കെ ബി ഗണേഷ് കുമാറടക്കം ജി സുകുമാരന്‍ നായര്‍ക്കെതിരെ പടയൊരുക്കം നടത്തുന്നതിനിടെയാണ് ജനറല്‍ സെക്രട്ടറിയെ അനുകൂലിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രംഗത്തെത്തിയത്. സ്വന്തം സമുദായത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിനായി അക്ഷീണം പ്രവര്‍ത്തിക്കുമ്പോഴും അത് മറ്റ് സാമൂഹിക വിഭാഗങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് വിഘാതമാവാതിരിക്കാന്‍ സുകുമാരന്‍ നായര്‍ ശ്രദ്ധിച്ചിട്ടുണ്ടെന്ന് സ്പീക്കര്‍ അഭിപ്രായപ്പെട്ടു. വ്യക്തിപരമായ നേട്ടങ്ങള്‍ക്കോ ലാഭത്തിനോ വേണ്ടി അദ്ദേഹം ഒരിക്കലും തന്റെ സ്ഥാനം ഉപയോഗിച്ചിട്ടില്ല. സമുദായ താല്‍പ്പര്യം മുന്‍നിര്‍ത്തി മാത്രമാണ് അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുള്ളത്. സ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കുന്നതിലും അവയെ പരിപാലിക്കുന്നതിലും അസാധാരണമായ പ്രാഗല്‍ഭ്യമാണ് അദ്ദേഹം പ്രദര്‍ശിപ്പിച്ചിട്ടുള്ളതെന്നും തിരുവഞ്ചൂര്‍ ഫേസ്ബുക്കിലെഴുതി.








