ലണ്ടൻ ∙ ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ഉപയോക്താക്കളെ പ്രതിസന്ധിയിലാക്കി പ്രമുഖ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ ഫെയ്സ്ബുക് പ്രവർത്തനരഹിതമായി. ഇന്ന് രാവിലെയോടെയാണ് സാങ്കേതിക തകരാർ അനുഭവപ്പെട്ടു തുടങ്ങിയത്. ഉച്ചയോടെ ഇത് വ്യാപകമായി. ഫെയ്സ്ബുക്കിന്റെ ഡെസ്ക്ടോപ്പ് പതിപ്പ് ഉപയോഗിക്കാൻ ശ്രമിക്കുന്നവർക്കെല്ലാം ലോഗിൻ തടസപ്പെടുന്നതായാണ് റിപ്പോർട്ട്. ലോഗിൻ ചെയ്യാൻ ശ്രമിക്കുമ്പോൾ, അക്കൗണ്ട് താൽക്കാലികമായി ലഭ്യമല്ലെന്ന സന്ദേശമാണ് സ്ക്രീനിൽ തെളിയുന്നത്. ഫെയ്സ്ബുക്കിനു പുറമെ ഇൻസ്റ്റാഗ്രാമും സമാനമായ രീതിയിൽ പണിമുടക്കിയത് മെറ്റാ ഗ്രൂപ്പിന്റെ സെർവറുകളെ മൊത്തമായി ബാധിച്ച വലിയൊരു സാങ്കേതിക തകരാറിലേക്കാണ് വിരൽ ചൂണ്ടുന്നത്.‘Account Temporarily Unavailable. Your account is currently unavailable due to a site issue’ എന്ന അറിയിപ്പാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും പുതിയ പോസ്റ്റുകൾ കാണാനോ, ഉള്ളടക്കങ്ങൾ പങ്കുവയ്ക്കാനോ സാധിക്കുന്നില്ല. മൊബൈൽ ആപ്പുകളെക്കാൾ ഡെസ്ക്ടോപ്പ് ഉപയോക്താക്കളെയാണ് ഈ പ്രശ്നം കാര്യമായി ബാധിച്ചിരിക്കുന്നത്.








