മിഥുന് യാത്രാമൊഴി നല്‍കാനൊരുങ്ങി നാട്, ആദരാഞ്ജലി അർപ്പിക്കാൻ കാത്തുനിന്നത് നൂറുകണക്കിന് പേർ, വിലാപയാത്ര സ്കൂളിലേക്ക്….

തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വൈദ്യുതാഘാതമേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന് യാത്രാമൊഴി നല്‍കാനൊരുങ്ങി നാട്. മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ നിന്നും സ്കൂളിലേക്ക് കൊണ്ടുപോയി. വഴിയിൽ പലയിടങ്ങളിലും ആദരാഞ്ജലികൾ അർപ്പിക്കാൻ കാത്തുനിൽക്കുന്നത് നൂറുകണക്കിന് പേരാണ്.

തുർക്കിയില്‍ നിന്ന് കൊച്ചിയില്‍ വിമാനമിറങ്ങിയ അമ്മ സുജ പൊലീസ് വാഹനത്തിന്‍റെ അകമ്പടിയില്‍ കൊല്ലത്തേക്ക് യാത്ര തിരിച്ചു. സ്കൂളില്‍ 12 മണിവരെ പൊതുദർശനത്തിന് വെക്കും. സഹപാഠികളും അധ്യാപകരും നാട്ടുകാരും അന്ത്യാഞ്ജലി അർപ്പിക്കും. തുടർന്ന് മൃതദേഹം ശാസ്താംകോട്ട വിളന്തറയിലെ വീട്ടിൽ എത്തിക്കും. പിന്നീട് വൈകിട്ട് അഞ്ച് മണിയോടെ സംസ്‌കാരം നടക്കും.

അതിദരിദ്രമായ കുടുംബസാഹചര്യത്തിൽ നിന്ന് മോചനം തേടിയാണ് അമ്മ വിദേശത്തേക്ക് വീട്ടുജോലിക്ക് പോയത്. തേവലക്കര സ്കൂളിൽ സൈക്കിൾ ഷെഡിന് മുകളിൽ വീണ സഹപാഠിയുടെ ചെരിപ്പെടുക്കാൻ കയറിയ കുട്ടി, തെന്നി വീഴാൻ പോയപ്പോൾ അബദ്ധത്തിൽ താഴ്ന്നുകിടന്ന വൈദ്യുതി കമ്പിയിൽ പിടിച്ച് ഷോക്കേറ്റാണ് മരിച്ചത്.