സിലിക്കൺ വാലി∙ ഏറെ കോലാഹലങ്ങൾ സൃഷ്ടിച്ച മിൽപിറ്റാസ് ഇരട്ടക്കൊലപാതക കേസിൽ നിർണായക വഴിത്തിരിവ്. പ്രതിയായ അനില ബേബിയുടെ മാനസികാരോഗ്യ നിലയെക്കുറിച്ച് പ്രതിഭാഗം അഭിഭാഷകൻ ഷോൺ ജോർജ് കോടതിയിൽ ഔദ്യോഗികമായി സംശയം പ്രകടിപ്പിച്ചിരുന്നു. തുടർന്ന് ഇന്ന് കേസിന്റെ വിചാരണ നടപടികൾ കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു.
ഇന്ന് രാവിലെ മെന്റൽ ഹെൽത്ത് കോടതിയായ ഡിപ്പാർട്മെന്റ് 24-ൽ ഓണറബിൾ ജഡ്ജി മീഗൻ പിയാനോയുടെ മുൻപാകെയാണ് അറ്റോർണി ഷോൺ ജോർജ് ഹാജരായത്. കലിഫോർണിയ പീനൽ കോഡ് 1368 അനുസരിച്ച്, വിചാരണ നേരിടാനുള്ള മാനസിക ശേഷി പ്രതിക്കുണ്ടോ എന്ന കാര്യത്തിൽ തനിക്ക് ഗുരുതരമായ സംശയങ്ങളുണ്ടെന്ന് അദ്ദേഹം കോടതിയിൽ ബോധിപ്പിച്ചു. കുറ്റകൃത്യം നടക്കുമ്പോഴുള്ള മാനസികാവസ്ഥയല്ല, മറിച്ച് നിലവിൽ കോടതി നടപടികളും വിചാരണയും നേരിടാൻ പ്രതിക്ക് മാനസികമായി പ്രാപ്തിയുണ്ടോ എന്ന് പരിശോധിക്കുന്നതാണ് ഈ നിയമവകുപ്പ്.
പ്രതിഭാഗത്തിന്റെ ഈ പ്രസ്താവനയെ പ്രോസിക്യൂഷനെ പ്രതിനിധീകരിക്കുന്ന ജില്ലാ അറ്റോർണി എതിർത്തില്ല. പ്രോസിക്യൂഷന്റെ ഈ നിലപാടും കേസിൽ നിർണായകമായി. ഇതേ തുടർന്ന് ജഡ്ജി മീഗൻ പിയാനോ ക്രിമിനൽ നടപടിക്രമങ്ങൾ താൽക്കാലികമായി നിർത്തിവച്ചു കൊണ്ട് ഉത്തരവിടുകയായിരുന്നു.
തുടർനടപടികളുടെ ഭാഗമായി പ്രതിയുടെ മാനസിക നില സമഗ്രമായി പരിശോധിക്കാൻ കോടതി രണ്ട് ഡോക്ടർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ ഡോക്ടർമാർ പ്രതിയെ പരിശോധിച്ച് അവരുടെ കണ്ടെത്തലുകളും മെഡിക്കൽ റിപ്പോർട്ടുകളും കോടതിയിൽ സമർപ്പിക്കും. ഈ റിപ്പോർട്ടുകൾ വിലയിരുത്തുന്നതിനായി കേസിന്റെ അടുത്ത വാദം കേൾക്കൽ വരുന്ന ഡിസംബർ 18, വെള്ളിയാഴ്ചയിലേക്ക് മാറ്റിയിരിക്കുകയാണ്.







