Headlines

‘WCC ആരംഭിച്ചതോടെ അവസരങ്ങള്‍ കുറഞ്ഞു, അവസരമില്ലാതെ ഇന്‍ഡസ്ട്രിയില്‍ എങ്ങനെ മാറ്റം കൊണ്ടുവരും’ ; പാര്‍വതി തിരുവോത്ത്

വുമണ്‍ ഇന്‍ സിനിമ കളക്ട്ടീവ് (wcc) ആരംഭിച്ചതോടു കൂടി അതിനായി ഒരുമിച്ചു നിന്നവര്‍ക്കെല്ലാം സിനിമയില്‍ അവസരങ്ങള്‍ പതിയെ കുറഞ്ഞു വന്നുവെന്ന് പാര്‍വതി തിരുവോത്ത്. ഇന്‍ഡസ്ട്രിയില്‍ ഒരു മാറ്റം വരുത്തുമെന്ന ലക്ഷ്യത്തിന്റെ ഭാരം പേറുമ്പോഴും, ജോലിയില്ലാതെ അതെങ്ങനെ സാധ്യമാകുമെന്നും പാര്‍വതി തിരുവോത്ത് ദി ന്യൂസ് മിനുട്ട് നടത്തിയ ദി മീഡിയ റംപിള്‍ 2025ല്‍ പറഞ്ഞു.

‘ഇന്റര്‍നെറ്റില്‍ എത്രത്തോളം വെറുപ്പ് ഞങ്ങള്‍ക്കെതിരെ കാണുന്നുവോ അത്ര തന്നെ പിന്തുണയും കാണാറുണ്ട്. എന്നാല്‍ എന്നാല്‍ ആ പിന്തുണയെ എങ്ങനെ ഞങ്ങള്‍ക്ക് ഈ ജോലി തുടരാന്‍ സഹായകമാക്കുമെന്ന് ഞാന്‍ ചിന്തിച്ചിട്ടുണ്ട്. അതിന് ഇന്‍ഡസ്ട്രിയില്‍ തന്നെ ഉള്ളവരുടെയും, പൊതുജനങ്ങളുടെയും, എന്റെ പിന്തുണയ്ക്കുന്നവരുടെയും പിന്തുണയും സഹായവും ആവശ്യമാണ്’ പാര്‍വതി തിരുവോത്ത് പറഞ്ഞു.

കലയും, സാമൂഹിക പ്രവര്‍ത്തനവും ഒത്തു ചേരുന്നിടം എന്ന വിഷയത്തെ സംബന്ധിച്ച ചര്‍ച്ചയായിരുന്നു ദി മീഡിയ റംപിള്‍ 2025 ഇത് നടത്തിയത്. പര്‍വതിക്കൊപ്പം നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ രമ്യ ദിവ്യ സ്പന്ദനയും ചര്‍ച്ചയില്‍ പങ്കെടുത്തു. സിനിമയില്‍ സ്ത്രീയുടെ ഇടം, നിരോധന സംസ്‌കാരം, ഫിലിം മേക്കിങ് തുടങ്ങിയ വിഷയങ്ങളെ കുറിച്ചും ഇരുവരും സംവദിച്ചു.

‘ഇന്‍ഡസ്ട്രിയില്‍ തന്നെ തുടരാന്‍ സാധിച്ചാല്‍ മാത്രമേ എന്ത് മാറ്റമാണ് കൊണ്ടുവരേണ്ടതെന്ന് മനസിലാകുകയുള്ളുവെന്നത് ആളുകള്‍ പെട്ടെന്ന് മറക്കുന്നു. ഞങ്ങള്‍ക്ക് സഹായം ആവശ്യമാണ് എന്ന് തുറന്നു പറയുന്നത് ഒരിക്കലും ബലഹീനതയല്ല, മറിച്ച് പക്വതയാണ്’ പാര്‍വതി തിരുവോത്ത് പറയുന്നു.