Headlines

‘കുഞ്ഞ് മരിച്ചപ്പോൾ മന്ത്രി സൂംബാ ഡാൻസ് നടത്തി, ഇവര്‍ക്കൊന്നും മനസാക്ഷിയില്ലേ?; മന്ത്രിമാരുടെ നാവ് മുഖ്യമന്ത്രി നിയന്ത്രിക്കണം’; വി.ഡി. സതീശൻ

തേവലക്കര സ്കൂളിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെഎസ്ഇബി ഉൾപ്പെടെ എല്ലാവർക്കും ഉത്തരവാദിത്വമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കെട്ടിടത്തിന് എങ്ങനെ ക്ലിയറൻസ് കിട്ടി?. ചിഞ്ചുറാണി പറയുന്നത് കുഞ്ഞിൻ്റെ കുഴപ്പമാണെന്ന്. വിഷയത്തിൽ ആശുപത്രികളിലും വിദ്യാലയങ്ങളിലും സുരക്ഷാ ഓഡിറ്റ് വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൊല്ലത്ത് കുഞ്ഞ് മരിച്ചപ്പോൾ മന്ത്രി സൂംബാ ഡാൻസ് നടത്തി. വിഷയത്തിൽ സുരക്ഷ വീഴ്ച ഉണ്ടായി. ഇനി ഉണ്ടാകാതിരിക്കാൻ നടപടി വേണം. ചെരുപ്പെടുക്കാൻ കയറിയ കുട്ടിയാണ് ഇപ്പോൾ കുറ്റവാളിയായിരിക്കുന്നത്. മന്ത്രിമാരുടെ നാവ് മുഖ്യമന്ത്രി നിയന്ത്രിക്കണം. ഇവര്‍ക്കൊന്നും മനസാക്ഷിയില്ലേ?.

വയനാട്ടില്‍ കടുവ സ്ത്രീയെ കടിച്ചു കൊന്ന ദിവസമാണ് വനംമന്ത്രി ഫാഷന്‍ ഷോയില്‍ പാട്ടു പാടിയത്. ഇന്നലെ മരിച്ച കുട്ടിയെ കുറ്റപ്പെടുത്തിയ മന്ത്രിയാണ് സൂംബാ ഡാന്‍സ് കളിച്ചതെന്നും സതീശൻ കുറ്റപ്പെടുത്തി.
വീഴ്ചകള്‍ ഉണ്ടാകാതിരിക്കാനുള്ള നടപടികളാണ് വേണ്ടത്. എന്നാല്‍ അതിനു പകരം മാറിനിന്ന് പരിഹസിക്കുകയാണ്. ചെരുപ്പ് എടുക്കാന്‍ മുകളില്‍ കയറിയ കുട്ടിയെയാണ് ഇപ്പോള്‍ കുറ്റവാളിയാക്കിയിരിക്കുന്നത്.മനുഷ്യനെ പ്രയാസപ്പെടുത്തുന്ന രീതിയില്‍ മന്ത്രിമാര്‍ സംസാരിക്കരുത്. ഉത്തരത്തില്‍ ഇരിക്കുന്നത് എടുക്കാന്‍ ശ്രമിക്കുന്ന സിപിഐഎം നേതാക്കള്‍ കക്ഷത്തില്‍ ഇരിക്കുന്നത് പോകാതെ നോക്കണമെന്നും അദ്ദേഹം പറഞ്ഞു.