Headlines

വിസിക്ക് പിന്നാലെ രജിസ്ട്രാറും എത്തി; കേരളാ സർവകലാശാലയിൽ വീണ്ടും നാടകീയ രംഗങ്ങൾ

മൂന്നാഴ്ചയ്ക്ക് ശേഷം കനത്ത സുരക്ഷയിൽ സർവകലാശാല ആസ്ഥാനത്ത് എത്തി വിസി മോഹനൻ കുന്നുമ്മൽ. വിസിയെ തടയും എന്ന് അറിയിച്ചിരുന്നു എങ്കിലും എസ്എഫ്ഐ പ്രവർത്തകരുടെ ഭാഗത്ത് നിന്ന് പ്രതിഷേധം ഉണ്ടായില്ല. വി സി അംഗീകരിക്കാത്ത രജിസ്ട്രാർ കെ എസ് അനിൽ കുമാറും സർവകലാശാലയിൽ എത്തിയെങ്കിലും മറ്റൊരു യോഗത്തിനായി ഉടൻ തിരികെ പോയി.

സർവകലാശാലയിൽ കാലുകുത്തിക്കില്ലെന്ന് എസ്എഫ്ഐയുടെ പ്രഖ്യാപനം ഉണ്ടായിരുന്നതിനാൽ കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. പൊലീസ് വാഹനങ്ങളുടെ അകമ്പടിയോടെയാണ് എയർപോർട്ടിൽനിന്ന് സർവകലാശാലയിലേക്ക് വിസിയുടെ വാഹനം എത്തിയത്. പ്രധാനപ്പെട്ട ഫയലുകളും സർട്ടിഫിക്കറ്റുകൾ നൽകുന്നതിലും വിസി തീരുമാനം എടുക്കും. ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ യോഗത്തിലും വി സി പങ്കെടുത്തു. വി സി എത്തിയതിന് പിന്നാലെ ഔദ്യോഗിക വാഹനത്തിൽ രജിസ്ട്രാർ ഡോ. K S അനിൽകുമാറും സർവകലാശാലയിൽ എത്തി. പിന്നാലെ മറ്റൊരു യോഗത്തിനായി മടങ്ങിപ്പോക്കുകയായിരുന്നു.

സർവകലാശാല പ്രതിസന്ധിയിൽ സമവായത്തിനുള്ള നീക്കം സർക്കാർ നടത്തുന്നുണ്ടന്നാണ് വിവരം. പ്രോ ചാൻസിലർ എന്ന നിലയ്ക്ക് മന്ത്രി ആര്‍ ബിന്ദുവും നിയമ മന്ത്രി എന്ന നിലയ്ക്ക് പി രാജീവും ഗവർണറെ നേരിൽ കണ്ടേക്കുമെന്ന് സൂചനയുണ്ട്. ഡൽഹിയിലുള്ള ഗവർണർ സംസ്ഥാനത്ത് മടങ്ങിയെത്തിയതിനുശേഷം ആകും കൂടിക്കാഴ്ചയ്ക്ക് സാധ്യത.