അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ചവരെ തിരിച്ചറിയാനുള്ള ഡിഎൻഎ പരിശോധന നടപടികൾ നാളെയോടെ പൂർത്തിയായേക്കുമെന്ന് ആശുപത്രി അധികൃതർ. ഇതുവരെ 202 പേരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. 170 പേരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി. അപകടത്തിൽ നിന്ന് അത്ഭുതകരമായ രക്ഷപ്പെട്ട വിശ്വാസ്കുമാർ ആശുപത്രി വിട്ടു.
അഹമ്മദാബാദിലെ വിമാന അപകടത്തിൽ 274 പേർ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. കേരളത്തിൽ നിന്നുള്ള രഞ്ജിതയുടെത് അടക്കം മൃതദേഹങ്ങൾ തിരിച്ചറിയാൻ ഉണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ലാബിലാണ് പരിശോധന പുരോഗമിക്കുന്നത്. സാമ്പിളുകൾ മൃതദേഹങ്ങളിൽ നിന്ന് ശേഖരിക്കുന്നതിൽ വലിയ വെല്ലുവിളി നേരിട്ടിരുന്നു.
അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട വിശ്വാസ് കുമാർ എന്ന യാത്രക്കാരൻ 5 ദിവസത്തെ ചികിത്സയ്ക്കുശേഷം ആശുപത്രി വിട്ടു. അഹമ്മദാബാദിലെ സ്വകാര്യ ഹോട്ടലിലേക്കാണ് പോലീസ് നിർദ്ദേശപ്രകാരം വിശ്വാസ് കുമാർ മാറിയത് . തൽക്കാലം സന്ദർശകരെ അനുവദിക്കില്ല. അപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന വിവിധ അന്വേഷണ സംഘങ്ങൾ ഇന്നും ദുരന്ത ഭൂമിയിൽ പരിശോധന നടത്തി. ഇന്നലെയും രണ്ടു ശരീരഭാഗങ്ങൾ സ്ഥലത്തുനിന്ന് കണ്ടെത്തിയിരുന്നു.

 
                         
                         
                         
                         
                         
                        



