കൊല്ലം നിലമേലിൽ ഭഷ്യവിഷബാധ മൂലം രണ്ട് പേർ മരിച്ചെന്ന ആരോപണത്തെ തുടർന്ന് അടപ്പിച്ച വിഴിഞ്ഞത്തെ അസ്മാക് ഹോട്ടൽ പ്രവർത്തിച്ചത് അംഗീകാരമില്ലാതെ. ഹോട്ടൽ പ്രവർത്തിച്ചത് അനധികൃത കെട്ടിടത്തിലാണെന്നും ഹോട്ടലിന് ലൈസൻസ് ഇല്ലെന്നും കണ്ടെത്തൽ. വിഴിഞ്ഞം തീരത്ത് പ്രവർത്തിക്കുന്ന 14 ൽ 12 ഹോട്ടലുകൾക്കും ആരോഗ്യ വിഭാഗത്തിന്റെ അനുമതിയില്ല. സംഭവത്തിന് പിന്നാലെ ഹോട്ടലിലെ സാമ്പിളുകളും രാസ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വാർത്തക്ക് പിന്നാലെ ഹോട്ടൽ കഴിഞ്ഞ ദിവസം തന്നെ പൊലീസ് അടപ്പിച്ചിരുന്നു.മരിച്ച റഷീദ ബീവിയുടെ പോസ്റ്റ്മോർട്ട റിപ്പോർട്ടിൽ മരണകാരണം ഭക്ഷ്യവിഷബാധ ആണെന്ന സംശയം ഉണ്ടെങ്കിലും മരുമകൻ ഷാജിയുടെ പോസ്റ്റ്മോർട്ട റിപ്പോർട്ടിൽ ഭക്ഷ്യവിഷബാധ സാധ്യത കണ്ടെത്താനായിട്ടില്ല. ഇരുവരുടെയും ആന്തരിക അവയവങ്ങളുടെ പരിശോധന റിപ്പോർട്ട് ലഭിക്കേണ്ടതുണ്ട്. രാസ പരിശോധന ഫലങ്ങൾ കൂടി ലഭിച്ചതിന് ശേഷമെ മരണകാരണത്തിൽ വ്യക്തത ഉണ്ടാവുകയുള്ളു. മരിച്ച റഷീദ ബീവിയുടെ മകൾ സജിമോൾ ചികിത്സയിൽ തുടരുകയാണ്. കുടുംബം ഭക്ഷണം കഴിച്ചു എന്ന് പറയുന്ന വിഴിഞ്ഞത്തെ ഹോട്ടലിൽ ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥർ പരിശോധന നടത്തിയെങ്കിലും വൃത്തിഹീനമായ സാഹചര്യമോ പഴകിയ ഭക്ഷണമോ കണ്ടെത്താൻ കഴിഞ്ഞില്ല.
വിഴിഞ്ഞം ഭക്ഷ്യ വിഷബാധ; അസ്മാക് ഹോട്ടൽ പ്രവർത്തിക്കുന്നത് ലൈസൻസില്ലാതെ







