Headlines

സ്വര്‍ണക്കൊള്ള സ്ഥിരീകരിച്ച് വിഎസ്എസ്‌സി റിപ്പോര്‍ട്ട്; 1998ല്‍ പൊതിഞ്ഞ സ്വര്‍ണത്തിന്റെ അളവ് കുറഞ്ഞു; പാളികളിലെ സ്വര്‍ണത്തിന്റെ ഭാരത്തില്‍ വ്യത്യാസം

ശബരിമലയിലെ സ്വര്‍ണക്കൊള്ള സ്ഥിരീകരിച്ച് ശാസ്ത്രീയ പരിശോധന റിപ്പോര്‍ട്ട്. ശബരിമലയിലെ ദ്വാരപാലക ശില്‍പ്പം, കട്ടിളപ്പാളി എന്നിവയില്‍ പൊതിഞ്ഞ സ്വര്‍ണത്തില്‍ വ്യത്യാസം വന്നു എന്നാണ് വിഎസ്എസ്‌സി റിപ്പോര്‍ട്ടിലുള്ളത്. 1998ല്‍ പൊതിഞ്ഞ സ്വര്‍ണത്തിന്റെ അളവിലെ വ്യത്യാസമാണ് ശാസ്ത്രീയ പരിശോധനയും സ്ഥിരീകരിച്ചിരിക്കുന്നത്. പാളികളുടെ ഭാരത്തിലും വ്യത്യാസം സംഭവിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. (sabarimala gold controversy vssc report).ദ്വാരപാലക കട്ടിളപ്പാളികളിലാണ് സ്വര്‍ണത്തില്‍ കാര്യമായ വ്യത്യാസം കണ്ടെത്തിയിരിക്കുന്നത്. കാലപ്പഴക്കം കൊണ്ട് കുറയുന്ന തൂക്കമെത്ര എന്ന് പരിശോധിച്ച് വരികയാണ്. ശാസ്ത്രീയ പരിശോധന റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണസംഘം ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. വിഎസ്എസ്‌സി ലാബില്‍ നടത്തിയ പരിശോധനയുടെ ഫലം എസ്‌ഐടി ഇന്നലെയും ഇന്നുമായി വിലയിരുത്തുകയാണ്. ശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ വ്യാപ്തി വ്യക്തമാക്കുന്ന റിപ്പോര്‍ട്ടില്‍ നിന്ന്, കൊള്ളയടിക്കപ്പെട്ട സ്വര്‍ണ്ണത്തിന്റെ അളവും നിലവിലുള്ള സ്വര്‍ണ്ണത്തിന്റെ കാലപ്പഴക്കവും അടക്കമുള്ള കാര്യങ്ങള്‍ വ്യക്തമാവും.അതേസമയം, ഇന്നലെ മെഡിക്കല്‍ കോളേജിലെ ഐസിയുവിലേക്ക് മാറ്റിയ അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെപി ശങ്കരദാസിനെ ജയില്‍ അധികൃതരുടെയും ഡോക്ടര്‍മാരുടെയും നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചുവരികയാണ്. ശങ്കരദാസിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ടും നാളെ എസ്‌ഐടി ഹൈക്കോടതിയില്‍ ഹാജരാക്കും.