Headlines

തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ വടിവാളുമായി അക്രമം; പാനൂരിൽ 5 സിപിഐഎം പ്രവർത്തകർ കൂടി അറസ്റ്റിൽ, മൈസൂരിൽ നിന്ന് പിടികൂടി

പാനൂരിനടുത്ത് പാറാട് വടിവാളുമായി അക്രമം നടത്തിയ സംഭവത്തിൽ 5 പേർ കൂടി അറസ്റ്റിൽ. സിപിഐഎം പ്രവർത്തകരായ അഞ്ച് പേരെ മൈസൂരിൽ നിന്നാണ് പിടി കൂടിയത്. ശരത്, ശ്രീജി, അശ്വന്ത്, ശ്രെയസ് അതുൽ എന്നിവരാണ് പിടിയിലായത്.

മുസ്ലീം ലീഗ് പ്രവർത്തകരായ 3 പേർ നേരത്തെ അറസ്റ്റിലായിരുന്നു. ഇതോടെ അക്രമ സംഭവങ്ങളിൽ ഇരു പാർട്ടികളിലും പെട്ട 11 പേർ പിടിയിലായി. മേഖലയിൽ പൊലീസ് നിരീക്ഷണം ശക്തമായി തുടരുകയാണ്. കൂത്തുപറമ്പ് എ.സി പി എം.പി ആസാദിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

സംഭവത്തിൽ അമ്പതോളം സിപിഐഎം പ്രവർത്തകർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പൊലീസ് വാഹനം തകർത്തത് ‌അടക്കം കുറ്റം ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ പാനൂർ മേഖലയിൽ പല ഇടങ്ങളിലും അക്രമ സംഭവങ്ങൾ നടന്നിരുന്നു. വടിവാളും സ്ഫോടക വസ്തുക്കളും ഉപയോഗിച്ചായിരുന്നു അക്രമം

ശനിയാഴ്ച വൈകിട്ട് പാനൂരിൽ യുഡിഎഫിന്‍റെ ആഹ്ലാദപ്രകടനത്തിന് നേരെയാണ് വടിവാളുമായി സിപിഐഎം പ്രവർത്തകർ അക്രമം അഴിച്ചുവിട്ടത്. ലീഗ് പ്രവർത്തകരുടെ വീടുകളിൽ കയറിയ അക്രമികൾ ചിലർക്ക് നേരെ വാളുവീശി. പാറാട് ടൗണിലുണ്ടായ കല്ലേറിൽ നിരവധി യുഡിഎഫ് പ്രവർത്തകർക്ക് പരുക്കേറ്റു.