വൈഷ്‌ണയെ ഒഴിവാക്കിയത് നീതികേട് എന്ന് കേരള ഹൈക്കോടതി. വെറും രാഷ്ട്രീയം കളിക്കരുത്. ഒരു യുവതി മത്സരിക്കാൻ വന്നിട്ട് ഇങ്ങനെയാണോ ചെയ്യണ്ടേത്. അവരുടെ രേഖകളിൽ എല്ലാം വിലാസം കൃത്യമല്ലെ എന്ന് കോടതി ചോദിച്ചു. വൈഷ്ണയുടെ സ്ഥാനാർത്ഥിത്വം സാങ്കേതിക കാരണങ്ങളാൽ നിഷേധിക്കരുതെന്ന് ഹൈക്കോടതി പറഞ്ഞു.
ഇത് ഒരു കോർപ്പറേഷൻ തെരഞ്ഞെടുപ്പ് അല്ലെ എന്ന് കോടതി ചോദിച്ചു . വേറെ എവിടെയെങ്കിലും വൈഷ്ണക്ക് വോട്ട് ഉള്ളതായി അറിയുമോ. പരാതിക്കാരന് നോട്ടീസ് നൽകുമെന്ന് കോടതി അറിയിച്ചു. സാങ്കേതിക കാരണങ്ങൾ പറഞ്ഞു 24 കാരിക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവസരം നഷ്ടപ്പെടരുത്.
രാഷ്ട്രീയ കാരണത്താൽ ഒഴിവാക്കുകയല്ല വേണ്ടതെന്ന് കോടതി. അസാധാരണ അധികാരം പ്രയോഗിക്കുമെന്നും മുന്നറിയിപ്പ്.ഹർജികാരിയെ തെരഞ്ഞെടുപ്പ് കമ്മീഷൻ കേൾക്കണം. നവംബർ 19ന് മൂൻപ് തീരുമാനം എടുക്കണമെന്നും കോടതി നിർദേശം നൽകി.
വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കിയ നടപടിക്കെതിരെ തിരുവനന്തപുരം മുട്ടട വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥി വൈഷ്ണ ഹൈക്കോടതിയെ സമീപിച്ചിരുന്നു. വൈഷ്ണയുടെ ഹർജി കോടതി ഫയൽ ചെയ്തു. പേര് വെട്ടിയ നടപടി റദ്ദ് ചെയ്യണമെന്നാണ് ആവശ്യം.
പേര് ഒഴിവാക്കിയത് രാഷ്ട്രീയ പ്രേരിതമെന്ന് സംശയിക്കുന്നു എന്ന് വൈഷ്ണ പറഞ്ഞു. പിഴവുണ്ടായത് വോട്ടർ പട്ടികയിലാണെന്നും ഇത് തിരുത്തണമെന്നുമാണ് ഹർജിയിൽ പറയുന്നത്. സംഭവത്തിൽ ജില്ലാ കളക്ടർക്കും അപ്പീൽ നൽകിയിട്ടുണ്ട്.
വൈഷ്ണ നൽകിയ പേരിൽ ജില്ലാ കളക്ടർ ഇന്ന് ഹിയറിങ് നടത്തും. വൈഷ്ണ സുരേഷ് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ നൽകിയ വിലാസം ശരിയല്ലെന്നും പട്ടികയിൽ നിന്നു ഒഴിവാക്കണം എന്നും കാണിച്ച് സിപിഐഎമ്മാണ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. വൈഷ്ണ നൽകിയ മേൽവിലാസത്തിൽ പ്രശ്നമുണ്ടെന്ന് കോർപ്പറേഷൻ ഉദ്യോഗസ്ഥരും വിവരം നൽകിയിരുന്നു. തുടർന്നാണ് വോട്ടർപട്ടികയിൽ നിന്ന് വൈഷ്ണയുടെ ഒഴിവാക്കിയത്.
മേൽവിലാസത്തിൽ പിഴവ് കണ്ടെത്തിയതിനെ തുടർന്നാണ് വൈഷ്ണ സുരേഷിനെ വോട്ടർപട്ടികയിൽ നിന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഒഴിവാക്കിയത്. പേര് നീക്കം ചെയ്തതോടെ വൈഷ്ണ സുരേഷിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആകില്ല. കോർപ്പറേഷൻ പരിധിയിൽ എവിടെയെങ്കിലും വോട്ട് ഉണ്ടെങ്കിലെ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധിക്കുകയുള്ളൂ എന്നതാണ് ചട്ടം.
വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനായി വൈഷ്ണ സുരേഷ് നൽകിയിരിക്കുന്ന മേൽവിലാസം മറ്റൊരു വ്യക്തിയുടെ ഉടമസ്ഥതയിലാണെന്ന് നഗരസഭാ രേഖകൾ വ്യക്തമാക്കുന്നു. വൈഷ്ണയെ അറിയില്ലെന്നും വീട് വാടകയ്ക്ക് കൊടുത്തിട്ടില്ലെന്നും ഉടമ നഗരസഭ അധികൃതർക്ക് കത്ത് നൽകിയിരുന്നു.







