ശാലിനി സനിൽ പനങ്ങോട്ടേല വാർഡിലെ സ്ഥാനാർഥിയായി മത്സരിക്കും; പ്രഖ്യാപനം ഇറക്കി BJP ജില്ലാ നേത്യത്വം

നെടുമങ്ങാട് നഗരസഭയിലെ പനങ്ങോട്ടേല 16 -ാം വാർഡിലെ ബിജെപി സ്ഥാനാർഥിയായി ശാലിനി സനിൽ ജനവിധി തേടും. ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം ബിജെപി ജില്ലാ നേത്യത്വം പുറത്തിറക്കി. സീറ്റ് നിഷേധിക്കപ്പെടുമെന്ന ആശങ്കയിൽ ഇന്നലെ മഹിള മോർച്ച നേതാവ് ശാലിനി സനിൽ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ആർഎസ്എസ് നേതാക്കൾ അധിക്ഷേപിച്ചെന്നും തനിക്ക് പകരം മറ്റൊരു സ്ഥാനാർഥിയെ നിർത്താൻ ശ്രമിക്കുന്നു എന്നായിരുന്നു ആരോപണം. ശാലിനിയെ അനുനയിപ്പിക്കാനായി ബിജെപി സംസ്ഥാന നേതൃത്വം നടത്തിയ ഇടപെടലിനു പിന്നാലെയാണ് സ്ഥാനാർഥി പ്രഖ്യാപനം.

വ്യക്തിഹത്യയും അധിക്ഷേപവും കാരണമാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് ശാലിനി പ്രതികരിച്ചത്. ജില്ലാ നേതൃത്വമാണ് ശാലിനിയുടെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. അതേസമയം, ശാലിനിയെ അനുനയിപ്പിച്ചെന്നായിരുന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ് നേരത്തെ പ്രതികരിച്ചിരുന്നത് . ആത്മഹത്യാശ്രമം വൈകാരിക പ്രകടനം മാത്രം ആണെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ നെടുമങ്ങാട് നഗരസഭയിലെ 42 വാർഡുകളിൽ ഏഴിടത്തു ബിജെപി
സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല. ചികിത്സയ്ക്കുശേഷം ആശുപത്രി വിട്ട ശാലിനിയുടെ ആരോഗ്യനില തൃപ്തികരമാണ്.