മണിക്കൂറുകളുടെ വ്യത്യാസത്തിൽ തിരുവനന്തപുരത്ത് ഉണ്ടായ ആത്മഹത്യയിലും ആത്മഹത്യാ ശ്രമത്തിലും പ്രതിരോധത്തിലായി ബിജെപി- ആർഎസ്എസ് നേതൃത്വങ്ങൾ. സംഭവം രാഷ്ട്രീയ വിഷയമാക്കുകയാണ് സിപിഐഎമ്മും കോൺഗ്രസും. നെടുമങ്ങാട് സീറ്റ് നിഷേധിച്ചതിന്റെ മനോവിഷമത്തിലാണ് ബിജെപി പ്രവർത്തക ആത്മമഹത്യയ്ക്ക് ശ്രമിച്ചത്. നെടുമങ്ങാട് നഗരസഭ പനക്കോട്ടല വാർഡിൽ മത്സരിക്കാനായി തീരുമാനിച്ചെങ്കിലും ആർ.എസ്.എസ് പ്രാദേശിക നേതൃത്വം ഇടപെട്ടു ഒഴിവാക്കിയെന്നാണ് ശാലിനി സനിലിന്റെ ആരോപണം.
മഹിളാമോർച്ച നോർത്ത് ജില്ലാ സെക്രട്ടറിയും,ബിജെപിയുടെ സജീവ പ്രവർത്തകയുമാണ് ശാലിനി സനിൽ. മുൻപ് രണ്ടു തവണ ബിജെപിക്ക് വേണ്ടി മത്സരിച്ചിട്ടുമുണ്ട്.നെടുമങ്ങാട് പനക്കോട്ടല വാർഡിൽ മത്സരിക്കാമെന്ന ധാരണയുടെ പുറത്തു പ്രവർത്തനങ്ങളും ആരംഭിച്ചിരുന്നു.ബിജെപി അന്തിമ സ്ഥാനാർഥി പട്ടിക ആയില്ലെങ്കിലും ആർ.എസ്.എസ് പ്രാദേശിക നേതൃത്വം ശാലിനിയെ തഴഞ്ഞു മറ്റൊരാളെ മത്സരിപ്പിക്കാൻ തീരുമാനിച്ചതോടെയാണ് ശാലിനി മാനസിക വിഷമത്തിലായത്. ഇന്നലെ അർദ്ധരാത്രിയിൽ വീട്ടിൽ വെച്ച് കൈഞരമ്പ് മുറിക്കുകയായിരുന്നു.
ബി ജെ പി സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ജീവനൊടുക്കിയ തിരുവനന്തപുരം തൃക്കണ്ണാപുരം സ്വദേശി ആനന്ദ് കെ. തമ്പിയുടെ ആർഎസ്എസ് നേതൃത്വത്തിനെതിരായ ശബ്ദ സന്ദേശം പുറത്തുന്നിരുന്നു. ബി ജെ പി സ്ഥാനാർത്ഥിയായി പ്രഖ്യാപനം പ്രതീക്ഷിച്ച ആനന്ദ് സ്ക്വാഡ് പ്രവർത്തനങ്ങളിൽ സജീവമായിരുന്നുവെന്നും പാർട്ടിയുമായി ഇടഞ്ഞതോടെ കടുത്ത സമ്മർദ്ദത്തിലായിരുന്നുവെന്നും അയൽവാസികൾ പറഞ്ഞു.
ജീവനൊടുക്കിയ ആനന്ദ് കെ തമ്പിക്കെതിരെ അധിക്ഷേപ പരാമർശവുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി ഗോപാലകൃഷ്ണൻ രംഗത്തെത്തി. ആനന്ദിന് മാനസിക വിഭ്രാന്തിയെന്നായിരുന്നു അധിക്ഷേപം. പുതിയ അധ്യക്ഷൻ വന്നതിന് ശേഷം ബിജെപിയിൽ നടക്കുന്നത് അസാധാരണ സംഭവങ്ങളെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ജനാധിപത്യ രീതിയിൽ പ്രവർത്തിക്കുന്ന സംഘടനയല്ല ബിജെപിയെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി കുറ്റപ്പെടുത്തി. അതേസമയം ആത്മഹത്യയിൽ രാഷ്ട്രീയം കലർത്തരുതെന്ന് രാജീവ് ചന്ദ്രശേഖറും ശശി തരൂരും ആവശ്യപ്പെട്ടു. ആനന്ദ് കഴിഞ്ഞദിവസം ശിവസേനയിൽ അംഗത്വമെടുത്തെന്നും ആത്മഹത്യയിൽ രാഷ്ട്രീയം കലർത്തരുതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ജനാധിപത്യ രീതിയിൽ പ്രവർത്തിക്കുന്ന സംഘടനയല്ല ബിജെപിയെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി കുറ്റപ്പെടുത്തി. അതേസമയം ആത്മഹത്യയിൽ രാഷ്ട്രീയം കലർത്തരുതെന്ന് രാജീവ് ചന്ദ്രശേഖറും ശശി തരൂരും ആവശ്യപ്പെട്ടു. ആനന്ദ് കഴിഞ്ഞദിവസം ശിവസേനയിൽ അംഗത്വമെടുത്തെന്നും ആത്മഹത്യയിൽ രാഷ്ട്രീയം കലർത്തരുതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. മന്ത്രി വി ശിവൻകുട്ടി തൃക്കണ്ണാപുരത്തെ ആനന്ദ് കെ തമ്പിയുടെ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു. പാവപ്പെട്ടവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ പത്ത് വർഷത്തെ കോഴ്സ് എങ്കിലും രാജീവ് ചന്ദ്രശേഖറിന് കൊടുക്കേണ്ടിവരുമെന്ന് വി ശിവൻകുട്ടി പറഞ്ഞു.








