തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ എ ഐ പ്രചാരണങ്ങൾക്ക് കർശന നിരീക്ഷണം ഏർപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ. രാഷ്ട്രീയ പാർട്ടികളെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇക്കാര്യം അറിയിച്ചു. എ ഐ പ്രചാരണങ്ങൾ പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 2.86 കോടി വോട്ടേഴ്സ് ആണ് ഉള്ളത്. 1.51 സ്ത്രീ വോട്ടേഴ്സും 1.35 കോടി പുരുഷ വോട്ടേഴ്സ്. 289 ട്രാൻസ്ജെന്റേഴ്സ് വോട്ടേഴ്സും സംസ്ഥാനത്തുണ്ട്. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലേക്ക് സജീവമാവുകയാണ്. പത്രിക നവംബർ 21 വരെ സമർപ്പിക്കാം. നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നവംബർ 22ന് നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി നവംബർ 24.
2020 ലെ തിരഞ്ഞെടുപ്പിൽ ആകെ 1,16,969 പേരാണ് നാമനിർദേശ പത്രിക നൽകിയിരുന്നത്. എന്നാൽ 74,835 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. രണ്ട് ഘട്ടമായാണ് സംസ്ഥാത്ത് തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ ഡിസംബർ ഒൻപതിനും തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ ഡിസംബർ 11-നുമാണ് തിരഞ്ഞെടുപ്പ്. 13-നാണ് വോട്ടെണ്ണൽ.






