വിദ്യാർഥിനിയ്ക്ക് വാട്സാപ്പ് വഴി അശ്ലീല വീഡിയോകളും മെസ്സേജുകളും അയച്ചു ഭീഷണിപ്പെടുത്തിയ കേസില്‍ തൃശൂര്‍ സ്വദേശിയായ സംഗീത് കുമാര്‍ (29) നെ കോഴിക്കോട് സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു.ഫേസ്ബുക്കില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച് പെണ്‍കുട്ടികളെ മാത്രം കേന്ദ്രീകരിച്ച് കോളജിലെ സീനിയര്‍ വിദ്യാര്‍ഥിയാണെന്ന വ്യാജേന മെസ്സേജുകള്‍ അയച്ച് സുഹൃത്താവുകയും ഗ്രൂപ്പുകള്‍ നിര്‍മ്മിച്ചും പിന്നീട് നേരിട്ടും വാട്സാപ്പ് വഴി ലൈംഗിക ദൃശ്യങ്ങൾ അടങ്ങിയ വീഡിയോകളും, ഫോട്ടോകളും, ലൈംഗിക പരാമർശങ്ങളോട് കൂടിയ മെസ്സെജുകളും ഇയാൾ അയച്ചിരുന്നു.
ഇയാളുടെ കൈയ്യിൽ നിന്ന് കൃത്യത്തിന് ഉപയോഗിച്ച മൊബൈല്‍ ഫോണും സിം കാര്‍ഡും കണ്ടെടുത്തു. പ്രതിക്കെതിരെ കൊല്ലം ജില്ല ശക്തികുളങ്ങര പൊലീസ് സ്റ്റേഷനിലും, തിശൂര്‍ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിലും രജിസ്റ്റര്‍ ചെയ്ത കേസുകള്‍ അടക്കം സമാനമായ നിരവധി പരാതികള്‍ ഉള്ളതായി അന്വേഷണത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്. സൈബര്‍ ക്രൈം പൊലീസ് അസിസ്റ്റന്റ്റ് കമ്മീഷണര്‍ ശ്രീ. ജി ബാലചന്ദ്രന്റെ നിര്‍ദേശപ്രകാരം കോഴിക്കോട് സിറ്റി സൈബര്‍ സെല്ലില്‍ നിന്നും ടിയാന്റെ ഫോണ്‍ നമ്പറുകളുടെ ലൊക്കേഷന്‍ കേന്ദ്രീകരിച്ചു തൃശൂരിലെ വടക്കാഞ്ചേരിയിലും മറ്റും അന്വേഷണം നടത്തിയാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്.
സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ വിനോദ് കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഫെബിന്‍, സി.പി.ഓ.മാരായ ഷമാന അഹമ്മദ്, ബിജു വി, മുജീബ് റഹ്മാന്‍ എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കോഴിക്കോട് സി.ജെ.എം. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.