Headlines

യുഎഇയിലെ പ്രവാസിമലയാളികൾക്ക് ആശ്വാസം; ഇനി ‘അപ്പോയ്ന്റ്മെന്റ്’ കാത്തിരിക്കേണ്ട, നാട്ടിലേക്കുള്ള ‘എമർജൻസി യാത്ര’ പോലും എളുപ്പം

അബുദാബി∙ യുഎഇയിലെ മലയാളി സമൂഹം അടക്കമുള്ള ദശലക്ഷക്കണക്കിന് ഇന്ത്യൻ പ്രവാസികൾക്ക് വലിയ ആശ്വാസമേകി പാസ്‌പോർട്ട്, വീസ, സാക്ഷ്യപ്പെടുത്തൽ സേവനങ്ങൾക്കായി മുൻകൂട്ടി അപ്പോയിന്റ്മെന്റ് ഇല്ലാതെ നേരിട്ടെത്താൻ (വാക്ക്-ഇൻ) അനുമതി. യുഎഇയിലുടനീളമുള്ള 16 ഇന്ത്യൻ കോൺസുലർ അപേക്ഷാ കേന്ദ്രങ്ങളിലും (ഐസിഎസി) തിരഞ്ഞെടുക്കപ്പെട്ട വിഭാഗങ്ങളിൽപ്പെടുന്നവർക്ക് ഇനി അപ്പോയിന്റ്മെന്റില്ലാതെ എത്താമെന്ന് അബുദാബിയിലെ ഇന്ത്യൻ എംബസി അറിയിച്ചു.
സേവനങ്ങൾ കൂടുതൽ സുഗമവും വേഗത്തിലുമാക്കാനും ജനങ്ങൾക്ക് പ്രയാസങ്ങളില്ലാതെ മികച്ച സേവനം ഉറപ്പാക്കാനുമാണ് ഈ തീരുമാനം. ഇന്ത്യയ്ക്ക് പുറത്ത് ഏറ്റവും കൂടുതൽ പാസ്‌പോർട്ട്, വീസ സേവനങ്ങൾ നൽകുന്ന യുഎഇയിലെ ഇന്ത്യൻ മിഷനുകളുടെ ഈ നടപടി പ്രവാസി മലയാളി കുടുംബങ്ങൾക്കും അടിയന്തര ആവശ്യങ്ങൾക്കായി നാട്ടിലേക്ക് പോകേണ്ടവർക്കും വലിയ തണലാകും.
അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ് വഴി പ്രവർത്തിക്കുന്ന രാജ്യത്തെ എല്ലാ കോൺസുലാർ കേന്ദ്രങ്ങളിലും രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് ഒന്നു വരെയായിരിക്കും ആദ്യമെത്തുന്നവർക്ക് ആദ്യ സേവനം എന്ന മുൻഗണനാടിസ്ഥാനത്തിൽ ഈ സൗകര്യം ലഭ്യമാകുക. തത്കാൽ പാസ്‌പോർട്ട് അപേക്ഷകർ, പുതുതായി ജനിച്ച കുഞ്ഞുങ്ങൾ, അടിയന്തര യാത്രാരേഖയായ എമർജൻസി സർട്ടിഫിക്കറ്റിന് (ഇസി) അപേക്ഷിക്കുന്നവർ, 60 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ എന്നിവർക്കാണ് മുൻകൂട്ടി സമയം ബുക്ക് ചെയ്യാതെ നേരിട്ടെത്താൻ അനുമതിയുള്ളത്.

∙ കാത്തിരിപ്പ് ഒഴിവാക്കാൻ ഓൺലൈൻ ബുക്കിങ് തുടരാം
നേരിട്ടെത്തി അപേക്ഷ നൽകാൻ സൗകര്യമുണ്ടെങ്കിലും വെബ്‌സൈറ്റ് വഴി (https://consularsevainuae.com) മുൻകൂട്ടി ബുക്ക് ചെയ്തെത്തുന്നവർക്കായിരിക്കും അപ്പോയിന്റ്മെന്റ് സമയത്ത് മുൻഗണന ലഭിക്കുകയെന്ന് എംബസി വ്യക്തമാക്കുന്നു. നേരിട്ടെത്തുന്ന അപേക്ഷകരെ കേന്ദ്രങ്ങളിലെ തിരക്കിനും ഒഴിഞ്ഞ സമയങ്ങൾക്കും അനുസരിച്ചായിരിക്കും പരിഗണിക്കുക. അതിനാൽ കേന്ദ്രങ്ങളിലെ നീണ്ട കാത്തിരിപ്പും ബുദ്ധിമുട്ടുകളും ഒഴിവാക്കാൻ സാധ്യമാകുന്നത്രയും പേർ ഓൺലൈൻ വഴി സമയം ബുക്ക് ചെയ്ത് എത്തുന്നതാണ് അഭികാമ്യം.സേവനദാതാക്കളുടെ മാറ്റവുമായി ബന്ധപ്പെട്ടുണ്ടായ നിയമതടസങ്ങളെ തുടർന്ന് ഒരു മാസത്തോളമായി സേവനങ്ങൾ ഭാഗികമായി തടസ്സപ്പെടുകയും കേന്ദ്രങ്ങളിൽ വലിയ തിരക്ക് അനുഭവപ്പെടുകയും ചെയ്തിരുന്നു. നിലവിൽ കെട്ടിക്കിടന്ന അപേക്ഷകളെല്ലാം തീർപ്പാക്കിയതായും സാധാരണ പാസ്‌പോർട്ടുകൾ അഞ്ച് പ്രവൃത്തിദിനങ്ങൾക്കുള്ളിലും തത്കാൽ അപേക്ഷകൾ മൂന്ന് ദിവസത്തിനകവും വിതരണം ചെയ്യാൻ സാധിക്കുന്നുണ്ടെന്നും ദുബായിലെ ഇന്ത്യൻ കോൺസൽ ജനറൽ ഡോ. ഇ. വിഷ്ണു വർധൻ റെഡ്ഡി വ്യക്തമാക്കി.