Headlines

സിപിഐഎം മുന്‍ എംഎല്‍എ അയിഷ പോറ്റി കോണ്‍ഗ്രസ് വേദിയിലേക്ക്; നീക്കം പാർട്ടിയുമായുള്ള അകൽച്ചക്കിടെ

സിപിഐഎമ്മുമായി അകൽച്ചയിലായ കൊട്ടാരക്കര മുൻ എംഎല്‍എ പി.അയിഷ പോറ്റി കോണ്‍ഗ്രസ് വേദിയിലേക്ക്. കോണ്‍ഗ്രസ് കൊട്ടാരക്കര ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന ഉമ്മന്‍ചാണ്ടി അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുക്കും. ഇന്ന് കലയപുരം ആശ്രയ സങ്കേതത്തില്‍ സംഘടിപ്പിക്കുന്ന പരിപാടി കൊടിക്കുന്നില്‍ സുരേഷ് എംപിയാണ് ഉദ്ഘാടനം ചെയ്യുന്നത്.

സിപിഐഎമ്മില്‍ നിന്നും അകൽച്ചയിലുള്ള അയിഷ പോറ്റി കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് കോണ്‍ഗ്രസ് വേദിയിലേക്ക് എത്തുന്നത്. യോഗത്തില്‍ അനുസ്മരണ പ്രഭാഷമാണ് അയിഷ പോറ്റി നിര്‍വഹിക്കുക. ചാണ്ടി ഉമ്മന്‍ എംഎല്‍എയും പരിപാടിയില്‍ പങ്കെടുക്കും.

സിപിഐഎം നേതൃത്വവുമായി അകല്‍ച്ച പാലിച്ച അയിഷ പോറ്റി ഇക്കഴിഞ്ഞ സിപിഐഎം ജില്ലാ സമ്മേളനത്തിലും പങ്കെടുത്തിരുന്നില്ല. പിന്നാലെ ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കിയിരുന്നു. നിലവിൽ സിപിഐഎമ്മിന്റെ ഒരു ഘടകത്തിലുമില്ല. അയിഷ പോറ്റിയെ കോണ്‍ഗ്രസിലെത്തിക്കാനുള്ള ശ്രമം നടക്കുന്നതായാണ് വിവരം.