Headlines

‘പിഎം ശ്രീയില്‍ ഒപ്പിട്ട് ഈ പ്രതിസന്ധി ഉണ്ടാക്കിയത് കഴിഞ്ഞ ഗവണ്‍മെന്റ്; എല്ലാ വശങ്ങളും പരിശോധിച്ച ശേഷം തുടര്‍ നടപടി’; എന്‍ ഷംസുദ്ദീന്‍

 

പിഎം ശ്രീയില്‍ മന്ത്രിസഭാ ഉപസമിതി എല്ലാ വശങ്ങളും പരിശോധിച്ച ശേഷം തുടര്‍ നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി തീരുമാനം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. പിഎം ശ്രീയില്‍ ഒപ്പിട്ട് ഈ പ്രതിസന്ധി ഉണ്ടാക്കിയത് കഴിഞ്ഞ ഗവണ്‍മെന്റാണെന്നും അദ്ദേഹം പറഞ്ഞു.

 

 

ഇപ്പോള്‍ തീരുമാനിച്ച ഉപസമിതി പദ്ധതിയുടെ എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി തീരുമാനം അറിയിക്കും. ഒപ്പിട്ട കരാറിന്റെ തുടര്‍നടപടികള്‍ സ്വീകരിക്കണമെന്ന് കത്ത് വന്നിട്ടുണ്ട്. പിഎം ശ്രീ എന്ന് പറഞ്ഞല്ല ഫണ്ട് തന്നത്. പിഎം ശ്രീ ഒപ്പുവെക്കാത്തത് കൊണ്ട് കേന്ദ്രം എസ്എസ്‌കെ ഫണ്ട് തടഞ്ഞുവെച്ചു. പദ്ധതിയില്‍ ഒപ്പിട്ട് നാലാം നാള്‍ ഫണ്ട് അനുവദിച്ചു. 99 കോടി ആ ഇനത്തില്‍ വന്നു. പിഎം ശ്രീ ഫണ്ട് ആണെന്ന് ആരും പറഞ്ഞില്ല. സ്‌കൂളുകളുടെ തിരഞ്ഞെടുപ്പാണ് അടുത്തഘട്ടം. ആ കാര്യങ്ങളെ സംബന്ധിച്ച് ഉപസമിതിയുടെ തീരുമാനത്തിന് ശേഷം തീരുമാനമെടുക്കും. ഒപ്പിട്ടവര്‍ ഉണ്ടാക്കിയ പ്രതിസന്ധിയെ കുറിച്ചാണ് പറഞ്ഞത് – അദ്ദേഹം പറഞ്ഞു.

 

ഗവണ്‍മെന്റുകള്‍ തുടര്‍ച്ചയാണെന്ന് പറഞ്ഞ അദ്ദേഹം പിഎം ശ്രീ വിഷയത്തില്‍ കേരള ഗവണ്‍മെന്റ് കേന്ദ്രവുമായി ഒരു എംഒയു ഒപ്പിട്ടു എന്നത് വസ്തുതയാണെന്നതും ചൂണ്ടിക്കാട്ടി. അതാര്‍ക്കും നിഷേധിക്കാന്‍ കഴിയില്ല. ഒപ്പിട്ടതിന് ശേഷം ഒപ്പിടാത്തത് കാരണം തടഞ്ഞ് വച്ചിരുന്ന ചില ഫണ്ടുകളും റിലീസ് ചെയ്തു. അന്ന് ഈ വിഷയത്തില്‍ ഒപ്പിട്ടതിന് ശേഷം പിന്നീട് ഒരു തടസം എല്‍ഡിഎഫ് ഗവണ്‍മെന്റ് പറഞ്ഞത് ഇതുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളുണ്ടായപ്പോഴും എല്‍ഡിഎഫില്‍ തന്നെ വിഷയമുണ്ടായപ്പോഴുമാണ്. ആരെയും അറിയിക്കാതെ ഒപ്പിട്ടതുമായി ബന്ധപ്പെട്ടാണ് വിവാദങ്ങളുണ്ടായത്. ഉപസമിതി തീരുമാനം അറിയിക്കുന്നതുവരെ ഒപ്പിട്ട തീരുമാനം തല്‍ക്കാലം നിര്‍ത്തിവയ്ക്കുക എന്നതായിരുന്നു കേന്ദ്രത്തിന് നല്‍കിയ കത്ത്- അദ്ദേഹം പറഞ്ഞു.