പിഎം ശ്രീ: വിവാദ കാലത്ത് തീരുമാനിച്ച തുടര്‍നടപടികളില്‍ അനിശ്ചിതത്വം; മന്ത്രിസഭാ ഉപസമിതി ഇതുവരെ ചേര്‍ന്നില്ല

പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് വിവാദ കാലത്ത് തീരുമാനിച്ച തുടര്‍നടപടികളില്‍ അനിശ്ചിതത്വം. പദ്ധതി പരിശോധിക്കാന്‍ രൂപീകരിച്ച മന്ത്രിസഭാ ഉപസമിതി ഇതുവരെ ചേര്‍ന്നിട്ടില്ല. യോഗം എന്ന് ചേരുമെന്നതില്‍ മന്ത്രിമാര്‍ക്കും വ്യക്തതയില്ല. ഉപസമിതി ചേരാത്തതില്‍ സിപിഐക്ക് അതൃപ്തിയുണ്ട്.

ഉപസമിതി എന്ന് ചേരുമെന്ന കാര്യത്തില്‍ സിപിഐ മന്ത്രിമാര്‍ക്കോ സിപിഐഎം മന്ത്രിമാര്‍ക്കോ യാതൊരു അറിവുമില്ല.

പിഎം ശ്രീ വിവാദകാലത്ത് സിപിഐയും സിപിഐഎമ്മും തമ്മിലുണ്ടാക്കിയ പ്രധാന ഉപാധിയായിരുന്നു മന്ത്രിസഭാ ഉപസമിതി രൂപീകരിച്ച് പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശകലനം ചെയ്യുമെന്നത്. പിഎംശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് ലഭ്യമാക്കുന്നതിനാണ് ഏഴ് അംഗങ്ങളുള്ള ഉപസമിതി രൂപീകരിച്ചത്.

പിഎംശ്രീ ധാരണാപത്രം ഒപ്പിട്ടപ്പോള്‍ ഒട്ടേറെ വിവാദങ്ങളും ആശങ്കകള്‍ ഉയര്‍ന്നുവന്നിരുന്നു. ഈ സാഹചര്യം കണക്കിലെടുത്താണ് പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് പ്രിവ്യൂ നടത്താന്‍ തീരുമാനിച്ചത്. പിഎംശ്രീ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടുള്ള തുടര്‍നടപടികള്‍ മന്ത്രിസഭാ ഉപസമിതി റിപ്പോര്‍ട്ട് വരുന്നതുവരെ നിര്‍ത്തിവെക്കാനായിരുന്നു തീരുമാനം. ഈ കാര്യം കേന്ദ്രസര്‍ക്കാരിനെ കത്ത് മുഖേന അറിയിക്കാനും അന്ന് തീരുമാനിച്ചു. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഉപസമിതി അധ്യക്ഷന്‍, മന്ത്രിമാരായ കെ രാജന്‍, റോഷി അഗസ്റ്റിന്‍, പി രാജീവ്, പി പ്രസാദ്, കെ കൃഷ്ണന്‍ കുട്ടി, എ കെ ശശീന്ദ്രന്‍ എന്നിവരടങ്ങിയ ഏഴ് അംഗ കമ്മിറ്റിയാണ് രൂപീകരിച്ചത്.