Headlines

ജമ്മു കശ്മീരിൽ വീണ്ടും പാക് പ്രകോപനം; സാംബ അതിർത്തിയിൽ പാക് ഡ്രോൺ സാന്നിധ്യം

ജമ്മു കശ്മീരിൽ വീണ്ടും പാക് പ്രകോപനം. സാംബയിലെ അന്താരാഷ്ട്ര അതിർത്തിക്ക് സമീപമാണ് പാക് ഡ്രോൺ സാന്നിധ്യം കണ്ടത്. 5 മിനിറ്റ് നേരം പ്രദേശത്തൂടെ പറന്ന ശേഷം പാകിസ്താൻ ഭാഗത്തേക്ക്‌ ഡ്രോൺ നീങ്ങുകയായിരുന്നു. സംഭവത്തിന് പിന്നാലെ സുരക്ഷ സേന നടപടി സ്വീകരിച്ചു. അന്താരാഷ്ട്ര അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.എന്നാൽ രണ്ടാഴ്ചയ്ക്കിടെ ഇത് അഞ്ചാം തവണയാണ് പാക് ഡ്രോണുകൾ ഇന്ത്യൻ അതിർത്തി പ്രദേശത്തേക്ക് എത്തുന്നത്. പാകിസ്താന്റെ ഭാഗത്തുനിന്നുള്ള ഇത്തരം നീക്കങ്ങൾക്കെതിരെ ഇന്ത്യ കൃത്യമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം, വാർഷിക കരസേനാ ദിനത്തിന് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിൽ, പാകിസ്താന്റെ ഭാഗത്തുനിന്നുള്ള ഏത് നീക്കത്തെയും ശക്തമായി നേരിടുമെന്ന് ജനറൽ ഉപേന്ദ്ര ദ്വിവേദി വ്യക്തമാക്കിയിരുന്നു . ഡൽഹിയിൽ നടത്തിയ വാർത്ത സമ്മേളനത്തിലാണ് പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി നടത്തിയ ഓപ്പറേഷൻ സിന്ദൂർ ഇപ്പോഴും തുടരുകയാണെന്ന് കരസേനാ മേധാവി പറഞ്ഞത്. ഇന്ത്യയ്ക്ക് ഭീഷണിയായ ഭീകരകേന്ദ്രങ്ങൾ തകർത്തു. പാകിസ്താന്റെ ആണവ കേന്ദ്രങ്ങളിലും ഇന്ത്യൻ ആക്രമണമുണ്ടായെന്നും ജനറൽ ദ്വിവേദി പറഞ്ഞു.