Headlines

ഡോളറിന് മുന്നിൽ കൂപ്പുകുത്തി ഇന്ത്യൻ രൂപ, റെക്കോർഡ് ഇടിവിൽ; ഇന്ന് മാത്രം ഇടിഞ്ഞത് 31 പൈസ, വിനിമയ നിരക്ക് 91 രൂപ 5 പൈസ

ദില്ലി: 91 രൂപയിൽ താഴോട്ട് പതിച്ച വലിയ മൂല്യ തകർച്ചയിൽ ഇന്ത്യൻ രൂപ. ഇന്ന് വിനിമയം തുടങ്ങിയപ്പോൾ ആരംഭിച്ച പതനം ഇപ്പോഴും തുടരുകയാണ്. ഇതുവരെ 31 പൈസയാണ് ഇന്നു മാത്രം മൂല്യം ഇടിഞ്ഞത്. ഒരു ഡോളറിന് 91 രൂപ 5 പൈസ എന്ന നിലയിലാണ് ഇപ്പോൾ വിനിമയം നടക്കുന്നത്. ഇന്നത്തെ വിനിമയത്തില്‍ ഇതുവരെ ഒരു തവണ പോലൂം രൂപ തിരിച്ചുവരവിന് ശ്രമിച്ചിട്ടില്ല. ഡോളറിനുള്ള ഉയർന്ന ഡിമാൻഡും ഇന്ത്യ-യുഎസ് വ്യാപാര കരാറിലെ കാലതാമസവുമാണ് രൂപയുടെ തകർച്ചയ്ക്ക് കാരണമായി പ്രധാനമായും വിലയിരുത്തുന്നത്. പ്രാദേശിക ഓഹരികളും ബോണ്ടുകളും വിദേശനിക്ഷേപകർ വ്യാപകമായി വിറ്റഴിക്കുന്നതും പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. തീരുവ വിഷയത്തിനുശേഷം ഇതിനോടകം 1800 കോടി ഡോളറിന്റെ വിറ്റഴിക്കൽ വിദേശനിക്ഷേപകർ നടത്തിയെന്നതാണ് കണക്ക്. മൂല്യത്തകർച്ച ഓഹരി വിപണിയെയും ബാധിച്ചു. സെന്‍സെക്സ് 480 പോയിന്‍റ് വരെ ഇടിഞ്ഞു. നിഫ്ടിയുടെ എല്ലാ സെക്ടറുകളും ഇന്ന് നഷ്ടത്തിലാണ്. നിഫ്റ്റി ഐടി 1% ത്തോളം ഇടിഞ്ഞിട്ടുണ്ട്.

കഴിഞ്ഞ 15 ദിവസമായി രൂപയുടെ വിനിമയ നിരക്ക് ഇടിവിലാണ്. ഈ വർഷം മാത്രം, ഡോളറിനെതിരെ കറൻസി 5% ത്തിലധികം ഇടിഞ്ഞു, ആഗോള കറൻസികളിൽ ഏറ്റവും മോശം പ്രകടനം കാഴ്ചവച്ച കറൻസിയായി രൂപ മാറി. ടർക്കിഷ് ലിറയ്ക്കും അർജന്റീനയുടെ പെസോയ്ക്കും പിന്നിലേക്ക് രൂപ എത്തപ്പെട്ടു. ഡോളർ സൂചിക 7% ത്തിലധികം കുറഞ്ഞപ്പോഴും ഈ ഇടിവ് തുടർന്നു എന്നതാണ് ശ്ര​ദ്ധേയം.