രൂപയുടെ മൂല്യം കുതിച്ചുയര്‍ന്നു; വിപണികളില്‍ നേട്ടമാകുന്നത് ഇന്ത്യ- യുഎസ് വ്യാപാര കരാര്‍ ചര്‍ച്ചകള്‍?

രൂപയുടെ മൂല്യം കുതിച്ചുയര്‍ന്നു. വിനിമയം തുടങ്ങിയപ്പോഴേ 29 പൈസയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഡോളറിന് 87 രൂപ 76 പൈസ എന്ന നിരക്കിലാണ് ഇപ്പോള്‍ വിനിമയം പുരോഗമിക്കുന്നത്. ഇന്ത്യ-അമേരിക്ക വ്യാപാര ബന്ധത്തിലെ വിള്ളല്‍ പരിഹരിക്കപ്പെട്ടുതുടങ്ങി എന്ന തോന്നലാണ് ഇന്ത്യന്‍ വിപണിക്കും രൂപയ്ക്കും ഗുണമായിരിക്കുന്നത്.

അന്താരാഷ്ട്ര തലത്തില്‍ ഡോളര്‍ ദുര്‍ബലപ്പെടുന്നതും രൂപയുടെ മൂല്യമുയരാന്‍ ഒരു കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. രൂപയുടെ മൂല്യത്തില്‍ ഓരോ ദിവസവും ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകളില്‍ റിസര്‍വ് ബാങ്കിന് ആശങ്കയില്ലെന്നും നല്ല ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകുകയാണെന്നും കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ അറിയിച്ചിരുന്നു.

രണ്ടാഴ്ചയ്ക്കിടെ ഇതാദ്യമായാണ് ഡോളറിനെതിരെ രൂപ 88ന് താഴെയാകുന്നത്. 0.23 പൈസ നിരക്കില്‍ രൂപ ശക്തിയാര്‍ജിച്ചിട്ടുണ്ട്. ഇന്ത്യ-യുഎസ് വ്യാപാര ചര്‍ച്ചകള്‍ പുനരാരംഭിക്കുകയും യുഎസ് വ്യാപാര പ്രതിനിധി ഇന്ത്യയിലെത്തുകയും ചെയ്തത് വിപണികളില്‍ നേട്ടമായിട്ടുണ്ട്.