തിരുവനന്തപുരം: കൂടത്തിൽ കൊലപാതകത്തിൽ പ്രതികരണവുമായി മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കേസിൽ റിസീവർ ഭരണം ആവശ്യമാണെന്നും 8 സെന്റ് ഭൂമി രവീന്ദ്രൻ ആർഎസ്എസ് നേതൃത്വത്തിന് വിറ്റുവെന്നും വി ശിവൻകുട്ടി പ്രതികരിച്ചു. കുടുംബത്തിന്റെ ഭൂമി തട്ടിയെടുക്കാൻ ബിജെപി -ആർഎസ്എസ് നേതൃത്വത്തിൽ ശ്രമം നടന്നതായി ശിവൻകുട്ടി പറഞ്ഞു. കേസിൽ സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
35 സെന്റ് ഭൂമി ആർഎസ്എസ് കയ്യടക്കി വെച്ചിരിക്കുകയാണ്. 500 കോടി രൂപയുടെ തട്ടിപ്പാണ് നടന്നത്. നേരത്തെ കരമന പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ, പൊലീസ് പരാതി കാര്യമായി ഗൗനിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.അതേസമയം, സബ്ജക്ട് മിനിമം മാർക്ക് നിർത്തലാക്കുന്നത് വൻ തിരിച്ചടിയാണ് ഉണ്ടാക്കാൻ പോകുന്നതെന്നും ഏറെ ശബ്ദമുയർത്തിയാണ് ഇത് കൊണ്ടു വന്നതെന്നും ശിവൻകുട്ടി പറഞ്ഞു.
മിനിമം മാർക്ക് നിർത്തലാക്കിയാൽ ദേശീയ അടിസ്ഥാനത്തിൽ വലിയ വീഴ്ച്ച ഉണ്ടാകും. എങ്ങനെയെങ്കിലും ആയിക്കോട്ടെ എന്ന രീതി ശരിയല്ല. അതുപോലെ സ്കൂൾ ഗെയിംസ് ഭിന്നിപ്പിച്ചത് കുട്ടികളോടുള്ള വഞ്ചനയാണെന്നും അദ്ദേഹം പറഞ്ഞു. ഇ ഡി രാജ്യത്ത് ഒരുപാട് കള്ളക്കേസുകൾ എടുത്തിട്ടുണ്ടെന്നും രാഷ്ട്രീയപരമായ കേസുകളെ രാഷ്ട്രീയമായി തന്നെ നേരിടുമെന്നും ശിവൻകുട്ടി വ്യക്തമാക്കി. അവസാന തീരുമാനം പറയേണ്ടത് സുപ്രീംകോടതിയാണ്. രാജ്യത്തെ പല മന്ത്രിമാരും കേസുകളിൽ പ്രതിയായിട്ടില്ലേ? ഇഡിയെ മുന്നിൽ നിർത്തി ബിജെപി വിരട്ടാൻ നോക്കേണ്ട. വിരട്ടിയാൽ തിരിച്ചും വിരട്ടുമെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.









